ജേഴ്‌സി സെലിബ്രേഷനുള്ള യെല്ലോ കാർഡ് പിൻവലിക്കണം: ആവശ്യവുമായി പോർച്ചുഗീസ് സൂപ്പർതാരം

കഴിഞ്ഞ ദിവസം FA കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആവേശകരമായ ഒരു വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ഓൾഡ് ട്രഫോഡിൽ വെച്ച് കൊണ്ട് തങ്ങളുടെ ബദ്ധവൈരികളായ ലിവർപൂളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ അമദ് ഡിയാലോ നേടിയ ഗോളാണ് യുണൈറ്റഡിന് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഇതിനെ പിന്നാലെ അദ്ദേഹം റെഡ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.

അതായത് ഗോൾ നേടിയതിന് പിന്നാലെ ജേഴ്‌സി ഊരിക്കൊണ്ടുള്ള സെലിബ്രേഷനായിരുന്നു ഡിയാലോ നടത്തിയിരുന്നത്.അതിന് അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിക്കുകയായിരുന്നു. അതിനു തൊട്ടുമുന്നേ മറ്റൊരു യെല്ലോ കാർഡ് ലഭിച്ചതിനാൽ അത് റെഡ് കാർഡായി മാറി. ഇതോടുകൂടിയാണ് ഡിയാലോക്ക് കളിക്കളം വിടേണ്ടിവന്നത്. എന്നാൽ ഇതിനെതിരെ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസ് രംഗത്ത് വന്നിട്ടുണ്ട്.ജേഴ്‌സി സെലിബ്രേഷന് യെല്ലോ കാർഡ് നൽകുന്ന നിയമം മാറ്റണം എന്നാണ് ബ്രൂണോ ആവശ്യപ്പെട്ടിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത്തരം നിമിഷങ്ങൾ ആസ്വദിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെ ഫുട്ബോളിലെ മാറേണ്ട നിയമങ്ങളിൽ ഒന്ന് ഈ നിയമമാണ്.ജഴ്സി സെലിബ്രേഷന് യെല്ലോ കാർഡ് നൽകുന്നത് ഒഴിവാക്കണം. കാരണം നമ്മുടെ ഗോൾ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടാവണം. തീർച്ചയായും മറ്റുള്ള ക്ലബ്ബുകളെ നമ്മൾ ബഹുമാനിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ നമ്മുടെ നിമിഷങ്ങൾ ആസ്വദിക്കാനും നമുക്ക് കഴിയണം ” ഇതാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ലോകത്തെ വളരെ പ്രശസ്തമായ സെലിബ്രേഷനാണ് ജേഴ്സി സെലിബ്രേഷൻ. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമൊക്കെ ഈ സെലിബ്രേഷൻ നടത്തിയിട്ടുണ്ട്.യെല്ലോ കാർഡ് ലഭിക്കും എന്നതിനാൽ തന്നെ ഈ സെലിബ്രേഷന്റെ തോത് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും പല താരങ്ങളും ഈ സെലിബ്രേഷൻ ഇപ്പോഴും നടത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *