ജീസസ് സിറ്റി വിടുന്നു? മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാർ രംഗത്ത്!
നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മിന്നുന്ന ഫോമിലാണ് ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ വാട്ട്ഫോഡിനെതിരെയുള്ള മത്സരത്തിൽ നാലു ഗോളുകളായിരുന്നു ഗബ്രിയേൽ ജീസസ് അടിച്ചു കൂട്ടിയിരുന്നത്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോൾ താരം കണ്ടെത്തുകയും ചെയ്തു.
എന്നാൽ അടുത്ത സീസണോട് കൂടിയാണ് ജീസസിന്റെ സിറ്റിയുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കാൻ സിറ്റി താല്പര്യപ്പെടുന്നില്ല എന്ന് മാത്രമല്ല താരത്തെ ക്ലബ് ഒഴിവാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ജീസസിന് ലഭിക്കാറുള്ളത്. അത് മാത്രമല്ല അടുത്ത സീസണിൽ ജൂലിയൻ ആൽവരസ് സിറ്റിയിൽ എത്തും. ഒരുപക്ഷേ ഹാലണ്ടും എത്തിയേക്കാം. അതുകൊണ്ടുതന്നെ ജീസസിന് അവസരങ്ങൾ നന്നേ കുറവാകും. ഇത് കണക്കിലെടുത്ത് ജീസസ് ക്ലബ്ബ് വിടാനും സാധ്യതയുണ്ട്.
— Murshid Ramankulam (@Mohamme71783726) April 29, 2022
പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണൽ ജീസസിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അവർ ആരംഭിച്ചിട്ടുണ്ട്.എന്നാൽ ഈ അഭ്യൂഹങ്ങൾ ശരി വെക്കാൻ ജീസസ് തയ്യാറായിരുന്നില്ല.അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” അതിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയമല്ലിത്. ഈ സീസണിലെ ഏറ്റവും മികച്ച ഒരു നിമിഷമാണിത്. ഇത് ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ സഹ താരങ്ങൾക്കൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടി പോരാടണം ” ഇതാണ് ടീം മാറുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ജീസസ് പറഞ്ഞിട്ടുള്ളത്.
ഈ പ്രീമിയർ ലീഗിൽ 24 മത്സരങ്ങളാണ് ജീസസ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 7 ഗോളുകളും 8 അസിസ്റ്റുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.