ജീസസിന്റെ ആ പഴയ മികവ് എങ്ങോട്ടും പോയിട്ടില്ല:ആർട്ടെറ്റ
ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വിജയിക്കാൻ ആഴ്സണലിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്.ഹൊയ്ലുണ്ടിലൂടെ ആദ്യം മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലീഡ് സ്വന്തമാക്കിയത്.അതിനുശേഷം ബ്രസീലിയൻ സൂപ്പർ താരങ്ങളായ ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ ഗോളുകൾ നേടിക്കൊണ്ട് ആഴ്സണലിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
കഴിഞ്ഞ പ്രീമിയർ ലീഗിൽ 27 മത്സരങ്ങൾ മാത്രം കളിച്ച ജീസസ് 4 ഗോളുകൾ മാത്രമാണ് നേടിയിരുന്നത്.പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. പരിക്കിൽ നിന്നും മുക്തനായ ശേഷവും ടീമിലേക്ക് മടങ്ങിയെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.കായ് ഹാവർട്ട്സായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം കയ്യടക്കിയിരുന്നത്. എന്നാൽ ഈ സമ്മറിൽ തന്റെ പഴയ മികവിലേക്ക് തിരിച്ചെത്താൻ ജീസസിന് കഴിഞ്ഞു എന്നുള്ള കാര്യം അവരുടെ പരിശീലകനായ ആർട്ടെറ്റ തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മികച്ച പ്രകടനമാണ് ജീസസ് നടത്തിയത്. അദ്ദേഹം വളരെ ഷാർപ്പായിരുന്നു.ഈ സമ്മറിൽ അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട്.പഴയ ആ സ്പാർക്ക് വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഇപ്പോൾ ആ ടോപ്പ് കണ്ടീഷനിലേക്ക് അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്.തന്റെ പഴയ മികവിലേക്ക് തിരിച്ചെത്തണമെങ്കിൽ ടോപ്പ് കണ്ടീഷനിലേക്ക് മടങ്ങിയെത്തണം എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് ശാരീരികമായി അദ്ദേഹം തയ്യാറെടുത്തത്.ഇന്ന് അദ്ദേഹം നടത്തിയ പ്രകടനത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. അദ്ദേഹത്തിന്റെ റിഥവും ഷാർപ്നസുമെല്ലാം വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് ” ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ സമ്മറിൽ ഗബ്രിയേൽ ജീസസ് ആഴ്സണൽ വിട്ടേക്കും എന്നുള്ള റൂമറുകൾ വളരെയധികം സജീവമാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്ലിക്ക് ഈ താരത്തെ എത്തിക്കാൻ താല്പര്യമുണ്ട്.എന്നാൽ ജീസസ് അങ്ങോട്ട് പോവാൻ തയ്യാറാവുമോ എന്നുള്ളത് വ്യക്തമല്ല.നിലവിൽ പ്രീമിയർ ലീഗിൽ തന്നെ തുടരുന്നതിനായിരിക്കും അദ്ദേഹം മുൻഗണന നൽകുക.