ചർച്ചകൾ അവസാന ഘട്ടത്തിൽ, സാഞ്ചോ യുണൈറ്റഡിലേക്ക്

ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ ഇംഗ്ലീഷ് യുവതാരം ജെയ്ഡൻ സാഞ്ചോയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ശ്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയതായി റിപ്പോർട്ട്. 100 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകി താരത്തെ ടീമിലെത്തിക്കാനാണ് യുണൈറ്റഡിൻ്റെ ശ്രമം. ഈ ഡീൽ നടന്നാൽ ഒരു ഇംഗ്ലീഷ് താരത്തിന് ട്രാൻസ്ഫർ മാർക്കറ്റിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാവുമത്. ട്രാൻസ്ഫർ തുക അടുത്ത രണ്ടോ മൂന്നോ സീസണുകൾ കൊണ്ട് തവണകളായി യുണൈറ്റഡ് കൈമാറുന്ന തരത്തിലാണിപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. പെർഫോമൻസ് റിലേറ്റഡ് ആഡ്-ഓണായി 20 മില്ല്യൺ യൂറോയും ഡോർട്ട്മുണ്ടിന് ലഭിക്കും. ഏതായാലും ഈ ഡീൽ നടക്കേണ്ട അവസാന തീയ്യതിയായി ഓഗസ്റ്റ് 10 ആണ് ബൊറൂസിയ ഡോർട്ട്മുണ്ട് മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് ബി.ബി.സി സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.

ഈ സീസണിൽ മിന്നും പ്രകടനമാണ് ജെയ്ഡൻ സാഞ്ചോ നടത്തിയത്. ബുണ്ടസ്ലിഗയിൽ 17 ഗോളുകളും 16 അസിസ്റ്റുകളുമാണ് താരം സ്വന്തം പേരിൽ കുറിച്ചത്. 2017ൽ ഇംഗ്ലണ്ടിനായി U17 വേൾഡ് കപ്പ് കളിച്ച താരം ഇംഗ്ലണ്ടിൻ്റെ സീനിയർ ടീമിനായി ഇതിനോടകം 11 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ മുതൽക്കൂട്ടാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. ഈ സീസൺ മികച്ച രൂപത്തിൽ അവസാനിപ്പിച്ച യുണൈറ്റഡ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള യോഗ്യതയും ഇതുവഴി അവർ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *