ചില സമയങ്ങളിൽ യുണൈറ്റഡ് ഫ്രഡിനെ ബലിയാടാക്കുന്നു : താരത്തിന് പിന്തുണയുമായി ലിവർപൂൾ താരം!
കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതേ തുടർന്ന് വലിയ വിമർശനങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.പ്രത്യേകിച്ച് മധ്യനിരയിലെ ബ്രസീലിയൻ താരമായ ഫ്രഡിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. 2018ൽ ടീമിൽ എത്തിയതിനു ശേഷം പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാവേണ്ടി വന്ന താരമാണ് ഫ്രഡ്.
ഇപ്പൊഴിതാ ഫ്രെഡിന് പിന്തുണയുമായി കൊണ്ട് ലിവർപൂൾ സൂപ്പർതാരവും ഫ്രഡിന്റെ ബ്രസീലിയൻ സഹതാരവുമായ ഫാബീഞ്ഞോ രംഗത്ത് വന്നിട്ടുണ്ട്. ചില സമയങ്ങളിൽ ഫ്രഡിനെ യുണൈറ്റഡ് ആരാധകർ ബലിയാടാക്കുന്നു എന്നാണ് ഫാബിഞ്ഞോ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ദി ടെലിഗ്രാഫിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാബിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 22, 2022
” ചില സമയങ്ങളിൽ എന്തിനാണ് ഫ്രഡിനെ ഇങ്ങനെ വിമർശിക്കുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാവാറില്ല. അദ്ദേഹം ഒരു റെഗുലർ പ്ലെയറാണ്. എപ്പോഴും മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം കളിക്കാറുള്ളത്. കഴിഞ്ഞ സീസണുകളിൽ പൊതുവേ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ര നല്ല നിലയിലല്ല.അതിന് അവർ പരിഹാരം കാണുകയാണ് വേണ്ടത്. പക്ഷേ അവർ ചെയ്യുന്നത് ചില താരങ്ങളെ കുറ്റപ്പെടുത്തുന്നു. അത്തരത്തിലുള്ള ഒരു ബലിയാടാണ് ഫ്രഡ്. അദ്ദേഹം മികച്ച ഒരു താരം തന്നെയാണ്. ബ്രസീലിന്റെ ദേശീയ ടീമിൽ അദ്ദേഹം ഒരു സ്റ്റാർട്ടറാണ്. എപ്പോഴും നല്ല രൂപത്തിൽ തന്നെയാണ് കളിക്കാറുള്ളത്. പക്ഷേ ചില സമയങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ കോൺഫിഡൻസ് ആവശ്യമായി വരും.കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഈ സീസണിൽ നല്ല രൂപത്തിൽ തുടങ്ങാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. പക്ഷേ ഫ്രഡ് കൂടുതൽ മികവിലേക്ക് ഉയരുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് ഫാബിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഇരുവരും മുഖാമുഖം വരുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് യുണൈറ്റഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടുക.