ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി റൊണാൾഡോ ന്യൂകാസിലിൽ എത്തുമോ? പ്രതികരിച്ച് കോച്ച്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയത് പലരിലും ഞെട്ടൽ ഉണ്ടാക്കിയിരുന്നു. 2025 വരെയുള്ള ഒരു കരാറിലാണ് റൊണാൾഡോ ഒപ്പു വെച്ചിരിക്കുന്നത്. രാജകീയമായ ഒരു വരവേൽപ്പായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അൽ നസ്സ്ർ നൽകിയിരുന്നത്.അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.

അതേസമയം റൊണാൾഡോയുടെ കരാറുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ മാർക്ക പുറത്തുവിട്ടിരുന്നു. അതായത് റൊണാൾഡോയുടെ കരാറിൽ ഒരു ക്ലോസ് ഉണ്ടെന്നും അത് പ്രകാരം ലോൺ അടിസ്ഥാനത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് കളിക്കാൻ റൊണാൾഡോക്ക് കഴിയും എന്നായിരുന്നു റിപ്പോർട്ട്. അടുത്ത ചാമ്പ്യൻസ് ലീഗിന് ന്യൂകാസിൽ യോഗ്യത നേടിക്കഴിഞ്ഞാൽ റൊണാൾഡോ ക്ലബ്ബിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ഇതേക്കുറിച്ച് ന്യൂകാസിൽ യുണൈറ്റഡിന്റെ പരിശീലകനായ എഡ്ഢി ഹൌയോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ഈ റൂമറുകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. റൊണാൾഡോ ന്യൂകാസിലിലേക്ക് വരില്ല എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ന്യൂകാസിൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ അധ്യായത്തിന് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു. പക്ഷേ ഞങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വന്ന വാർത്തകളിൽ ഒന്നുംതന്നെ യാതൊരുവിധ സത്യങ്ങളുമില്ല. അത്തരത്തിലുള്ള ഒരു ക്ലോസ് ഉണ്ട് എന്നുള്ളത് തികച്ചും വ്യാജമായ ഒരു കാര്യമാണ് ” ഇതാണ് ന്യൂകാസിൽ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ന്യൂകാസിൽ യുണൈറ്റഡ് പുറത്തെടുക്കുന്നത്. 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ന്യൂകാസിൽ പ്രീമിയർ ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ഫുൾഹാമാണ് ന്യൂകാസിലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *