ചാമ്പ്യൻസ് ലീഗിലെ യുണൈറ്റഡിന്റെ സാധ്യതകൾ എത്രത്തോളം? വിശകലനം!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്‌സിയിൽ തിരിച്ചെത്തുകയാണ്. റയലിലും യുവന്റസിലും ഒരുപിടി നേട്ടങ്ങൾ കൈവരിച്ച ശേഷമാണ് റൊണാൾഡോ യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നത്. വലിയ രൂപത്തിലാണ് താരത്തിന്റെ തിരിച്ചു വരവ് സോഷ്യൽ മീഡിയയും ഫുട്ബോൾ ലോകവും കൊണ്ടാടുന്നത്.
ക്രിസ്റ്റ്യാനോയുടെ വരവ് യുവേഫ ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിന് സഹായകരമാവുമെന്ന കാര്യത്തിൽ സംശയമില്ല. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരം അത്തരത്തിലുള്ള ഒരു പ്രകടനം തുടർന്നാൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാവും.
കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിന് അത്ര നല്ല കാലമല്ല.കഴിഞ്ഞ പത്ത് വർഷത്തിനിടെ രണ്ടേ രണ്ട് തവണ മാത്രമാണ് യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയത്. അതിന് മുകളിലേക്ക് പോവാൻ യുണൈറ്റഡിന് സാധിച്ചിട്ടുമില്ല. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവാനായിരുന്നു യുണൈറ്റഡിന്റെ വിധി. അത്കൊണ്ട് തന്നെ ഈ സീസണിൽ യുണൈറ്റഡിന് ഒരു തിരിച്ചു വരവ് അത്യാവശ്യമാണ്.
ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാണ്.വിയ്യാറയൽ, അറ്റലാന്റ, യങ് ബോയ്സ് എന്നിവരാണ് ഗ്രൂപ്പ് എഫിൽ യുണൈറ്റഡിനോടൊപ്പം ഇടം നേടിയിട്ടുള്ളത്. ഗ്രൂപ്പിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരില്ലെങ്കിലും അതിന് ശേഷം യുണൈറ്റഡിന്റെ ശക്തി ദൗർബല്യങ്ങൾ നന്നായി പരീക്ഷിക്കപ്പെടും.
Welcome 𝗵𝗼𝗺𝗲, @Cristiano 🔴#MUFC | #Ronaldo
— Manchester United (@ManUtd) August 27, 2021
വരാനെ, സാഞ്ചോ, ക്രിസ്റ്റ്യാനോ എന്നിവരെയാണ് ഈ ട്രാൻസ്ഫറിൽ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.മികച്ച ഒരു ലൈനപ്പ് തന്നെ നിലവിൽ യുണൈറ്റഡ് പക്കലിലുണ്ട്. ഗോൾകീപ്പറായി ഡിഹിയ തന്നെയായിരിക്കും.സെന്റർ ബാക്കുമാരായി വരാനെയും മഗ്വയ്റുമുണ്ടാവും. വിംഗ് ബാക്കിൽ ലുക്ക് ഷോയും വാൻ ബിസാക്കയുമായിരിക്കും.മധ്യനിരയിൽ മക്ടോമിനി, പോഗ്ബ, ബ്രൂണോ എന്നിവർ അണിനിരക്കുമ്പോൾ ക്രിസ്റ്റ്യാനോ, റാഷ്ഫോർഡ്, സാഞ്ചോ എന്നിവരായിരിക്കും മുന്നേറ്റനിരയിൽ ഉണ്ടാവുക.
ഏതായാലും വലിയ പ്രതീക്ഷയോടെ തന്നെയാണ് യുണൈറ്റഡ് ആരാധകർ ഈ സീസണിനെ നോക്കി കാണുന്നത്. ക്രിസ്റ്റ്യാനോയുടെ വരവ് ഇമ്പാക്ട് ഉണ്ടാക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.