ഗർനാച്ചോക്കല്ല,ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പർ മൗണ്ടിന്, ആരാധക പ്രതിഷേധം.

കഴിഞ്ഞ ദിവസമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മാസോൺ മൗണ്ടിനെ സ്വന്തമാക്കിയ വിവരം ഒഫീഷ്യലായി കൊണ്ട് അറിയിച്ചത്.60 മില്യൺ പൗണ്ട് നൽകി കൊണ്ടാണ് ചെൽസിയിൽ നിന്നും യുണൈറ്റഡ് ഈ സൂപ്പർതാരത്തെ സ്വന്തമാക്കിയത്. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ ജേഴ്‌സി യുണൈറ്റഡ് പുറത്തിറക്കുകയും ചെയ്തിരുന്നു. യുണൈറ്റഡിലെ പ്രശസ്തമായ ഏഴാം നമ്പർ ജേഴ്സിയാണ് മൌണ്ട് ധരിക്കുക.

ജോർജ് ബെസ്റ്റ്, എറിക്ക് കന്റോണ,ഡേവിഡ് ബെക്കാം തുടങ്ങിയ ഇതിഹാസങ്ങൾ അണിഞ്ഞതിനുശേഷമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ ജേഴ്സി ലഭിച്ചിരുന്നത്. അദ്ദേഹം ഈ ജേഴ്സിയോട് നീതിപുലർത്തുകയും മികച്ച പ്രകടനം യുണൈറ്റഡിൽ നടത്തുകയും ചെയ്തിരുന്നു.ക്രിസ്റ്റ്യാനോക്ക് ശേഷം വന്ന പല താരങ്ങളും പിന്നീട് പരാജയപ്പെടുകയും ഒടുവിൽ റൊണാൾഡോക്ക് തന്നെ ഒരിക്കൽ കൂടി ഇത് ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ജനുവരിയിൽ റൊണാൾഡോ ക്ലബ്ബ് വിട്ടതോടെ വീണ്ടും ഏഴാം നമ്പർ ജേഴ്സി ലഭ്യമാവുകയായിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനും അർജന്റൈൻ സൂപ്പർ താരവുമായ അലജാൻഡ്രോ ഗർനാച്ചോക്ക് ഈ ഏഴാം നമ്പർ ജഴ്സി ലഭിക്കും എന്നായിരുന്നു റൂമറുകൾ. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മൗണ്ടിനാണ് ഈ ജേഴ്സി നൽകിയിട്ടുള്ളത്. ഇത് ചില ആരാധകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. റൊണാൾഡോയുടെ ജേഴ്സി ഗർനാച്ചോയായിരുന്നു അർഹിച്ചിരുന്നത് എന്നാണ് പലരും അവകാശപ്പെടുന്നത്.

മൗണ്ട് ഏഴാം നമ്പർ ജേഴ്സി ധരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ യുണൈറ്റഡ് പങ്കുവെച്ചിരുന്നു. അതിന്റെ കമന്റ് ബോക്സിൽ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നിട്ടുള്ളത്.കഴിഞ്ഞ സീസണിൽ 49 ആം നമ്പർ ജേഴ്സിയായിരുന്നു ഗർനാച്ചോ വെച്ചിരുന്നത്. അടുത്ത സീസണിൽ താരം ഏത് ജേഴ്സി ധരിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.അതേസമയം കുട്ടിക്കാലം തൊട്ടേ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് മൌണ്ട്. റൊണാൾഡോയുടെ ഫ്രീക്കിക്ക് ടെക്നിക്കുകൾ ആയിരുന്നു ഇദ്ദേഹം മാതൃകയാക്കിയിരുന്നത്.ആ വിഖ്യാതമായ ജേഴ്സി തന്നെ ലഭിച്ചു എന്നത് മൗണ്ടിനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *