ഗോൾവേട്ട തുടർന്ന് സ്റ്റെർലിങ്, വാട്ട്ഫോർഡിനെ തകർത്തു വിട്ട് മാഞ്ചസ്റ്റർ സിറ്റി

എഫ്എ കപ്പിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കാൻ ഇന്നലെ കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പെപ്പിന്റെ സംഘം വാട്ട്ഫോർഡിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ റഹീം സ്റ്റെർലിങ് ആണ് സിറ്റിയുടെ വിജയശില്പി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സിറ്റി നിരവധി ഗോളവസരങ്ങൾ ഉണ്ടാക്കിയെടുത്തിരുന്നു.വാട്ട്ഫോർഡ് കീപ്പർ ബെൻ ഫോസ്റ്ററുടെ തകർപ്പൻ പ്രകടനമാണ് ഗോൾ വഴങ്ങുന്നതിൽ നിന്നും വാട്ട്ഫോർഡിനെ രക്ഷിച്ചത്.ജയത്തോടെ പോയിന്റ് നേട്ടം വർധിപ്പിക്കാനും രണ്ടാം സ്ഥാനം ഭദ്രമാക്കാനും സിറ്റിക്ക് കഴിഞ്ഞു. 37 മത്സരങ്ങളിൽ നിന്ന് 78 പോയിന്റ് ആണ് സിറ്റിയുടെ സമ്പാദ്യം. ഇനി നോർവിച്ചിനോടുള്ള മത്സരം മാത്രമാണ് സിറ്റിക്ക് അവശേഷിക്കുന്നത്.

ജീസസ്, സ്റ്റെർലിങ്, ഫോഡൻ എന്നിവരായിരുന്നു സിറ്റിയുടെ ആക്രമണനിര. മത്സരത്തിന്റെ 31-ആം മിനുട്ടിൽ സ്റ്റെർലിംഗ് ആണ് സ്കോർ ബോർഡ് തുറന്നത്. വാൾക്കറുടെ പാസ്സ് സ്വീകരിച്ച താരം കരുത്തുറ്റ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. 40-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഫോസ്റ്റർ തടഞ്ഞുവെങ്കിലും റീബൗണ്ട് വലയിലെത്തിച്ചു കൊണ്ട് സ്റ്റെർലിങ് ഇരട്ടഗോൾ തികച്ചു. 63-ആം മിനിറ്റിൽ ഫോഡൻ ലീഡ് നില മൂന്നാക്കി ഉയർത്തി. 66-ആം മിനിറ്റിൽ ലപോർട്ടയും കൂടി ഗോൾ കണ്ടെത്തിയതോടെ ഗോൾപട്ടിക പൂർത്തിയായി. ഡിബ്രൂയിൻ ആയിരുന്നു ഈ ഗോളിന് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *