ഗാർഷ്യയെ പറ്റി പെപ്പുമായി സംസാരിച്ചോ? കൂമാൻ വെളിപ്പെടുത്തുന്നു!

എഫ്സി ബാർസലോണ തങ്ങളുടെ പ്രതിരോധ നിരയിലേക്ക് ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിലൊരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എറിക് ഗാർഷ്യ. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന താരത്തെ ജനുവരിയിൽ തന്നെ ക്ലബ്ബിൽ എത്തിക്കാൻ ബാഴ്‌സ കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാൽ അത് സാധ്യമാവാതെ പോവുകയാണ്. എന്നാൽ താരത്തെ ഉപേക്ഷിക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ് കൂമാൻ. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ ബാഴ്സയിൽ എത്തിക്കാൻ ശ്രമിക്കുമെന്നും കൂമാൻ അറിയിച്ചു. എന്നാൽ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി ഗാർഷ്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും താൻ പെപ്പിന് ജന്മദിനാശംസകൾ നേരാൻ വേണ്ടിയാണ് വിളിച്ചതെന്നുമാണ് കൂമാൻ വ്യക്തമാക്കിയത്. ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാഴ്സ പരിശീലകൻ.

” എറിക് ഗാർഷ്യയെ ഞങ്ങൾക്ക് അടുത്ത സീസണിൽ ലഭ്യമാവാനാണ് സാധ്യതകൾ കൂടുതൽ. അദ്ദേഹത്തെ ടീമിലെത്തിക്കാൻ ഇപ്പോൾ സാധ്യമല്ലെങ്കിൽ ഞങ്ങൾ അത് അംഗീകരിക്കുകയും മുന്നോട്ടു പോവുകയും ചെയ്യും.പക്ഷെ എനിക്കറിയില്ല.എന്റെ ടീമിന്റെ മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കാനുള്ള ഈ സമയത്ത് ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിച്ച് ഊർജ്ജം കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഞാൻ പെപിന്റെ അൻപതാം പിറന്നാളിന് വിളിക്കുകയും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയും ചെയ്തിരുന്നു. ഞങ്ങൾ തമ്മിൽ എറിക് ഗാർഷ്യയെ കുറിച്ച് സംസാരിച്ചിട്ടില്ല. അതെന്റെ ജോലിയല്ല. ഞാൻ ഇവിടുത്തെ പരിശീലകൻ മാത്രമാണ്. ഒരു ക്ലബ്ബിനെ ചുറ്റിപ്പറ്റി ഇത്തരം സംസാരങ്ങൾ ഉണ്ടാവുക എന്നുള്ളത് സാധാരണമായ കാര്യമാണ്. പക്ഷേ ഇതൊന്നും എനിക്ക് നിയന്ത്രിക്കാനാവുന്നതല്ല.മത്സരങ്ങൾ ജയിക്കുക എന്ന പ്രധാനപ്പെട്ട കാര്യത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *