ക്രിസ്റ്റ്യാനോ വന്നതിന് ശേഷം കവാനിയെ ട്രീറ്റ് ചെയ്തത് ശരിയായില്ല : ബെർബറ്റോവ്

കഴിഞ്ഞ സീസണിലായിരുന്നു ഉറുഗ്വൻ സൂപ്പർ താരം എഡിൻസൺ കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു.17 ഗോളുകളായിരുന്നു താരം കഴിഞ്ഞ സീസണിൽ നേടിയിരുന്നത്. ഇതോടെ താരത്തിന്റെ കരാർ പുതുക്കുകയും ചെയ്തു.

എന്നാൽ ഈ സീസണിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിൽ തിരിച്ചെത്തുകയായിരുന്നു. ഇതോടെ കവാനിക്ക് അവസരങ്ങൾ നഷ്ടമായി. കേവലം 3 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം ഈ സീസണിൽ സ്റ്റാർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ദിമിത്രി ബെർബറ്റോവ്. ക്രിസ്റ്റ്യാനോ വന്നതിനുശേഷം യുണൈറ്റഡ് കവാനിയെ ട്രീറ്റ് ചെയ്ത രീതി ശരിയല്ല എന്നാണ് ബെർബറ്റോവ് അറിയിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കഴിഞ്ഞ സീസൺ കവാനിക്ക് ഒരു മികച്ച സീസണായിരുന്നു. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന് വേണ്ടത്ര കളിക്കാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല.ക്രിസ്റ്റ്യാനോയെ പോലെയൊരു താരം ക്ലബ്ബിലേക്ക് വന്നാൽ എല്ലാ ശ്രദ്ധകളും അദ്ദേഹത്തിലേക്ക് തിരിയും
അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കുകയും ചെയ്യും.അത് ലോകഫുട്ബോളിൽ സ്വാഭാവികമായ ഒരു കാര്യമാണ്.പക്ഷേ കവാനിയുടെ കാര്യത്തിൽ അദ്ദേഹത്തെ ട്രീറ്റ് ചെയ്തത് ശരിയല്ല. കാരണം കഴിഞ്ഞ സീസണിൽ അദ്ദേഹം മികച്ച രൂപത്തിൽ കളിച്ചു. തുടർന്ന് കരാർ പുതുക്കുകയും ചെയ്തു. എന്നാൽ റൊണാൾഡോ അദ്ദേഹത്തിന്റെ സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. ഇത് സംഭവിക്കുന്ന കാര്യമാണെങ്കിലും നീതിരഹിതമാണ്.കവാനിക്ക് മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വന്നാൽ തീർച്ചയായും അദ്ദേഹം അത് പരിഗണിക്കുക തന്നെ ചെയ്യും.കാരണം ഏതൊരു താരവും കൂടുതൽ സമയം കളിക്കുന്നതിനാണ് മുൻഗണന നൽകുക” ഇതാണ് ബെർബറ്റോവ് പറഞ്ഞത്.

കവാനിക്ക് എഫ്സി ബാഴ്സലോണയിൽ നിന്നും ബൊക്ക ജൂനിയേഴ്‌സിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കവാനി യുണൈറ്റഡ് വിടാനുള്ള സാധ്യതകളേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *