ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ പരിധികൾ ലംഘിച്ചിരുന്നില്ല: പിന്തുണയുമായി മുൻ പരിശീലകൻ.
2021ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തിരിച്ചെത്തിയത്.ആദ്യ സീസണിൽ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു. എല്ലാ കോമ്പറ്റീഷനിലുമായി അദ്ദേഹം 24 ഗോളുകൾ നേടി. എന്നാൽ രണ്ടാമത്തെ സീസണിൽ കാര്യങ്ങൾ പ്രതീക്ഷിച്ച രൂപത്തിൽ അല്ല പുരോഗമിച്ചത്.എറിക് ടെൻഹാഗുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ടി വരികയായിരുന്നു.വലിയ വിമർശനങ്ങൾ അദ്ദേഹം അന്ന് ക്ലബ്ബിനെതിരെ ഉന്നയിച്ചിരുന്നു.
മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് പ്രവർത്തിച്ച വ്യക്തിയാണ് മൈക്ക് ഫിലാൻ. അദ്ദേഹം റൊണാൾഡോയെ കുറിച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ തന്റെ പരിധികൾ ലംഘിച്ചിരുന്നില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സഹതാരങ്ങൾക്ക് എത്താൻ കഴിയാത്ത ഒരു നിലവാരം റൊണാൾഡോ സെറ്റ് ചെയ്ത് വെച്ചിരുന്നു എന്നും ഫിലാൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ വന്നപ്പോഴുള്ള ആവേശവും ആരവവും അസാധാരണമായിരുന്നു.ഒരു വ്യത്യസ്ത ശൈലിയുമായാണ് അദ്ദേഹം വന്നത്. അദ്ദേഹം ഒരു ഗോൾ സ്കോററാണ്.സ്വയം ഒരു സ്റ്റാൻഡേർഡ് അദ്ദേഹം സെറ്റ് ചെയ്തു വച്ചിരുന്നു.എന്നാൽ അതിനോടൊപ്പം എത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹം ഉണ്ടാക്കിയ ഇമ്പാക്ട് വളരെ വലുത് തന്നെയായിരുന്നു.അദ്ദേഹം പരിധികൾ ലംഘിച്ചു എന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ക്ലബ്ബിനകത്ത് അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല ” ഇതാണ് ഫിലാൻ പറഞ്ഞിട്ടുള്ളത്.
റൊണാൾഡോ ക്ലബ്ബ് വിട്ട ശേഷവും യുണൈറ്റഡ് മോശം നിലയിൽ തുടരുകയായിരുന്നു.ഇപ്പോഴും അതിന് മാറ്റം സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് പരിശീലകനായ ടെൻഹാഗിന്റെ സ്ഥാനം തെറിച്ചതും. നിലവിൽ പുതിയ പരിശീലകനായി കൊണ്ട് റൂബൻ അമോറിമിനെ അവർ കൊണ്ടുവന്നിട്ടുണ്ട്.