ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചപ്പോൾ ലഭിച്ചത് ആശ്വാസമായിരുന്നു: ജോർജിന റോഡ്രിഗസ്!
മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം വരവ് ഒരിക്കലും നല്ല രീതിയിൽ അല്ല അവസാനിച്ചത്. അവരുടെ പരിശീലകനായ എറിക് ടെൻഹാഗുമായി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയായിരുന്നു.തുടർന്ന് അദ്ദേഹം പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചു.ഇതോടെ താരത്തിന് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊണ്ട് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലെക്കായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ പോയിരുന്നത്.
യുണൈറ്റഡിൽ കളിച്ച സമയത്ത് അദ്ദേഹത്തിന് ലഭിച്ച വിമർശനങ്ങൾ ഏറെയായിരുന്നു. ഏതായാലും റൊണാൾഡോയുടെ പാർട്ണറായ ജോർജിന റോഡ്രിഗസ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചപ്പോൾ തനിക്ക് വലിയ ആശ്വാസമാണ് ലഭിച്ചത് എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്.ജോർജിനയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“അൽ നസ്റിലേക്ക് പോവുകയാണെന്ന് ക്രിസ്റ്റ്യാനോ എന്നോട് പറഞ്ഞപ്പോൾ എനിക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്.കാരണം അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഞാൻ അത്രയേറെ ആഗ്രഹിച്ചിരുന്നു. എന്തെങ്കിലും വലുത് ഞങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നത് ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങൾ വളരെയധികം മോട്ടിവേറ്റഡ് ആയിരുന്നു.സൗദിയിൽ എത്താൻ കഴിഞ്ഞതിൽ ഞാൻ ഹാപ്പിയാണ്.ഇതെല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചിരുന്നത്. ഒരുപാട് ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാം വളരെയധികം എക്സൈറ്റിംഗ് ആയിരുന്നു ” ഇതാണ് റൊണാൾഡോയുടെ പാർട്ണർ പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് വലിയ ഒരു മാറ്റത്തിനാണ് വഴിവെച്ചത്.റൊണാൾഡോക്ക് പിന്നാലെ നിരവധി സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലേക്ക് എത്തുകയായിരുന്നു. ഇന്ന് ഫുട്ബോൾ ലോകം ശ്രദ്ധിക്കുന്ന ഒരു ലീഗായി മാറാൻ സൗദി അറേബ്യൻ ലീഗിന് കഴിഞ്ഞിട്ടുണ്ട്.കൂടുതൽ താരങ്ങൾ ഇപ്പോഴും സൗദിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.