ക്രിസ്റ്റ്യാനോ മാനസികമായി യുണൈറ്റഡ് വിട്ടു കഴിഞ്ഞു,ചേക്കേറുന്ന ക്ലബ് സർപ്രൈസായിരിക്കും : പിയേഴ്‌സ് മോർഗൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഭാവിയെ കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഇതിനുള്ള അനുമതി അദ്ദേഹം യുണൈറ്റഡിനോട് തേടിയെങ്കിലും യുണൈറ്റഡോ ടെൻ ഹാഗോ താരത്തെ ക്ലബ് വിടാൻ സമ്മതിച്ചിട്ടില്ല. മാത്രമല്ല റൊണാൾഡോക്ക് അനുയോജ്യമായ ഒരു ക്ലബ്ബ് കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം പ്രമുഖ ഫുട്ബോൾ നിരീക്ഷകനും ജേണലിസ്റ്റുമായ പിയേഴ്സ് മോർഗൻ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് റൊണാൾഡോ യുണൈറ്റഡ് വിടാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകളെന്നും മാനസികമായി താരം യുണൈറ്റഡ് വിട്ടു കഴിഞ്ഞു എന്നുമാണ് മോർഗൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹം ചേക്കേറുന്ന ക്ലബ്ബ് സർപ്രൈസായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ടോക്ക്സ്പോർട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോർഗന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കഴിഞ്ഞ ആഴ്ച്ച ഇതുമായി ബന്ധപ്പെട്ട ഒരുപാട് കോൺടാക്റ്റുകൾ ഞാൻ നടത്തിയിരുന്നു.അതിൽ നിന്നും എനിക്ക് മനസ്സിലായത് റൊണാൾഡോ ഇനി യുണൈറ്റഡിനു വേണ്ടി ഒരു മത്സരം കളിക്കാൻ സാധ്യതകൾ വളരെയധികം കുറവാണ് എന്നുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന കാലഘട്ടമാണിത്.പക്ഷേ ഇപ്പോഴും പ്രധാനപ്പെട്ട കിരീടങ്ങൾ നേടാൻ അദ്ദേഹം ആഗ്രഹിക്കുന്നു.റൊണാൾഡോ മാനസികമായി കൊണ്ട് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കഴിഞ്ഞിട്ടുണ്ട്. ഞങ്ങൾ തമ്മിൽ എന്താണ് സംസാരിച്ചത് എന്നുള്ളത് ഞാൻ പങ്കുവെക്കുന്നില്ല. പുതിയ പരിശീലകന്റെ കാരണത്താലല്ല റൊണാൾഡോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചിട്ടുള്ളത്. മറിച്ച് ക്ലബ്ബിന്റെ ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ചുകൊണ്ടാണ്. അദ്ദേഹം ചേക്കേറുന്ന ക്ലബ്ബ് ഒരുപക്ഷേ സർപ്രൈസിംഗായിരിക്കും ” ഇതാണ് മോർഗൻ പറഞ്ഞിട്ടുള്ളത്.

റൊണാൾഡോയുമായി നേരിട്ട് അടുപ്പമുള്ള വ്യക്തി കൂടിയാണ് മോർഗൻ.പക്ഷേ റൊണാൾഡോ ചേക്കേറാൻ സാധ്യതയുള്ള ക്ലബ്ബുകൾ ഏതൊക്കെയാണ് എന്നുള്ളത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *