ക്രിസ്റ്റ്യാനോ പ്രശ്നം എങ്ങനെ പരിഹരിക്കാം? റാൾഫിന് ഉപദേശവുമായി സാറി!

ഒരിടവേളക്കു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല മുന്നോട്ടുപോകുന്നത്. ഈ വർഷം കേവലം ഒരു ഗോൾ മാത്രമാണ് താരം നേടിയിട്ടുള്ളത്.റാൾഫിന് കീഴിൽ പെനാൽറ്റി കൂടാതെ രണ്ടു ഗോളുകൾ മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുള്ളത്. കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബിയുടെ ഭാഗമാവാനും താരത്തിന് സാധിച്ചിരുന്നില്ല.

ഏതായാലും താരത്തിന്റെ ഈ മോശം ഫോമിനിടെ മുൻ യുവന്റസ് പരിശീലകനായ മൗറിസിയോ സാറി ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സെന്റർ സ്ട്രൈക്കറായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമാവുക വൈഡർ പൊസിഷനുകളിൽ ഉപയോഗിക്കുന്നതാണ് എന്നാണ് സാറി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം സ്കൈ ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നോടൊപ്പം ക്രിസ്റ്റ്യാനോ പ്രവർത്തിച്ച ആ സീസണിൽ മറ്റേത് താരത്തെക്കാളും കൂടുതൽ സിരി എ ഗോളുകൾ നേടിയത് അദ്ദേഹമായിരുന്നു. ഞങ്ങൾക്ക് എമർജൻസി സാഹചര്യം ഉണ്ടാവുന്ന കുറച്ചു മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ സെന്റർ സ്ട്രൈക്കറായി കൊണ്ട് കളിക്കാൻ തയ്യാറെടുത്തിരുന്നു.പക്ഷെ സ്ഥിരമായി ആ പൊസിഷനിൽ കളിക്കുന്ന ആശയത്തെ ക്രിസ്റ്റ്യാനോ ഇഷ്ടപ്പെട്ടിരുന്നില്ല.ആ സാഹചര്യങ്ങളിൽ അതൊരു വെല്ലുവിളി തന്നെയായിരുന്നു. ക്രിസ്റ്റ്യാനോ വൈഡർ പൊസിഷനുകളിൽ സ്ഥിരമായി സ്റ്റാർട്ട് ചെയ്ത സീസണുകളിലൊക്കെ തന്നെയും 35 മുതൽ 40 ഗോളുകൾ വരെ നേടാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം കളിക്കുന്ന രീതിയെ മനസ്സിലാക്കേണ്ടിയിരിക്കുന്നു ” ഇതാണ് സാറി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ഡെർബി മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ അഭാവത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.ഇനി ടോട്ടൻഹാമാണ് യുണൈറ്റഡിന്റെ അടുത്ത എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *