ക്രിസ്റ്റ്യാനോ കവി എന്ന് വിളിച്ചത് എന്തുകൊണ്ട്? അമോറിം പറയുന്നു!
പോർച്ചുഗീസുകാരനായ റൂബൻ അമോറിം ഇതുവരെ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിയെയായിരുന്നു പരിശീലിപ്പിച്ചിരുന്നത്.അദ്ദേഹത്തിന് കീഴിൽ അസാധാരണമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ സ്പോർട്ടിംഗിന് കഴിഞ്ഞിരുന്നു. ഇപ്പോൾ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി കൊണ്ട് അദ്ദേഹം ചുമതല ഏറ്റിട്ടുണ്ട്.വലിയ വെല്ലുവിളി തന്നെയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. യുണൈറ്റഡിനെ തിരികെ കൊണ്ടുവരിക എന്നതാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി.
നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പോർച്ചുഗീസ് ദേശീയ ടീമിൽ ഒരുമിച്ച് കളിച്ച താരമാണ് അമോറിം.ക്രിസ്റ്റ്യാനോയുമായി ഒരു വലിയ ബന്ധം തന്നെ ഇദ്ദേഹത്തിനുണ്ട്. കവി എന്നായിരുന്നു റൊണാൾഡോ അമോറിമിനെ വിശേഷിപ്പിച്ചിരുന്നത്. ആളുകളോട് മനോഹരമായ രീതിയിൽ സംസാരിക്കാനുള്ള കഴിവുകൊണ്ടാണ് റൊണാൾഡോ ഇദ്ദേഹത്തെ പോയെറ്റ് എന്ന് വിശേഷിപ്പിച്ചിരുന്നത്. ഇതേക്കുറിച്ച് അമോറിം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ അങ്ങനെ വിശേഷിപ്പിച്ചത് ശരിയാണ്.അത് ഒരല്പം തമാശയായി തോന്നുന്നു. ആളുകളോട് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഒരുപാട് സംസാരിക്കുകയൊന്നുമില്ല.പക്ഷേ സംസാരിക്കുമ്പോൾ ഹൃദയത്തിൽ നിന്നാണ് സംസാരിക്കുക. അത് ആളുകൾക്ക് അനുഭവിച്ചറിയാനാകും. തീർച്ചയായും അത് രസകരമായ ഒരു കാര്യമാണ് ‘ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനും അമോറിമിനും റൊണാൾഡോ എല്ലാവിധ ആശംസകളും നേർന്നിരുന്നു. നിലവിൽ യുണൈറ്റഡിന് അതാണ് ആവശ്യമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുണ്ട്.അമോറിമിന് യുണൈറ്റഡിൽ തിളങ്ങാൻ കഴിയുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ട കാര്യം. നവംബർ 24 ആം തീയതി ഇപ്സ് വിച്ച് ടൗണിനെയാണ് യുണൈറ്റഡ് ഇനി നേരിടുക