ക്രിസ്റ്റ്യാനോ ഒരു ഇതിഹാസം, വീണ്ടും ഒരുമിക്കുന്നതിനെ കുറിച്ച് വരാനെ പറയുന്നു!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയലിന്റെ ഡിഫൻഡറായ റാഫേൽ വരാനെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. പിന്നാലെ തങ്ങളുടെ മുൻ സൂപ്പർ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുണൈറ്റഡ് തിരികെ എത്തിക്കുകയും ചെയ്തു.2011 മുതൽ 2018 വരെ റയലിൽ ഒരുമിച്ച് കളിച്ചവരാണ് റൊണാൾഡോയും വരാനെയും.200-ലധികം മത്സരങ്ങളിൽ ഇരുവരും ഒരുമിച്ച് ബൂട്ടണിഞ്ഞിട്ടുണ്ട്. 4 ചാമ്പ്യൻസ് ലീഗുകൾ,3 ഫിഫ ക്ലബ് വേൾഡ് കപ്പ്,2 ലാലിഗ,1 കോപ്പ ഡെൽ റേ എന്നിവയാണ് ഈ കാലയളവിൽ ഇരുവരും നേടിയിട്ടുള്ളത്. പിന്നീട് 2018-ൽ ക്രിസ്റ്റ്യാനോ റയൽ വിടുകയായിരുന്നു. ഒടുവിൽ ഇപ്പോൾ ഇരുവരും ഒരിക്കൽ കൂടി ഒരുമിച്ചിരിക്കുന്നു.
He's 𝗯𝗮𝗰𝗸 here and he's 𝘀𝘁𝗶𝗹𝗹 perfect ❤️#MUFC | @Cristiano pic.twitter.com/ehzEQxiCRt
— Manchester United (@ManUtd) August 31, 2021
ഏതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിൽ വരാനെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. റൊണാൾഡോ ഒരു ഇതിഹാസമാണ് എന്നാണ് വരാനെ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഞാൻ വളരെയധികം സന്തോഷവാനാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഇതിഹാസമാണ്.നിങ്ങൾ അദ്ദേഹത്തിടൊപ്പം കളിക്കുക ആണെങ്കിൽ എല്ലാവർക്കും അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ടാവും.തീർച്ചയായും ഇവിടുത്തെ താരങ്ങൾക്ക്, പ്രത്യേകിച്ച് യുവതാരങ്ങൾക്ക് അദ്ദേഹം വലിയ സഹായമാവും.കൂടാതെ അദ്ദേഹം ഒരിക്കലും തന്റെ ഗോൾവേട്ട അവസാനിപ്പിക്കുകയില്ല.അത്കൊണ്ട് തന്നെ ടീമിനെ സഹായിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല ” ഇതാണ് വരാനെ പറഞ്ഞത്.
കഴിഞ്ഞ വോൾവ്സിനെതിരെയുള്ള മത്സരത്തിൽ വരാനെ യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ചിരുന്നു.ഇനി ന്യൂകാസിലിനെതിരെ നടക്കുന്ന മത്സരത്തിൽ വരാനെയും റൊണാൾഡോയും ഒരുമിച്ച് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.