ക്രിസ്റ്റ്യാനോ അടുത്ത സീസണിലും ക്ലബ്ബിലുണ്ടാവും : യുണൈറ്റഡിനോട് മുൻ താരം

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങൾ സജീവമാണ്.അതിലൊന്നാണ് ഈ സീസണിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നുള്ള റൂമർ.അതായത് അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന് യുണൈറ്റഡ് യോഗ്യത നേടിയിട്ടില്ലെങ്കിൽ റൊണാൾഡോ ക്ലബ്‌ വിടുമെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടെത്തൽ.

എന്നാൽ ഇതിനെ തള്ളിക്കൊണ്ട് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വെസ് ബ്രൗൺ രംഗത്ത് വന്നിട്ടുണ്ട്. അതായത് അടുത്ത സീസണിലും ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടാവുമെന്നുള്ള പ്രതീക്ഷയാണ് ഇദ്ദേഹം പങ്കു വെച്ചിട്ടുള്ളത്.വെസ് ബ്രൗണിന്റെ വാക്കുകൾ പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് പുറത്തുവിടുന്നത് ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു യഥാർത്ഥ പ്രൊഫഷണലാണ്. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. കാരണം അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും എക്സ്പീരിയൻസുമൊക്കെ യുണൈറ്റഡ് സ്ക്വാഡിന് വലിയൊരു മുതൽക്കൂട്ടാണ്.ഏതൊക്കെ രൂപത്തിലാണ് അദ്ദേഹം വർക്ക് ചെയ്യുന്നത്? ഏതൊക്കെ രൂപത്തിലാണ് അദ്ദേഹം സ്വയം പരിപാലിക്കുന്നത്? എങ്ങനെയാണ് അദ്ദേഹം ഓരോ മത്സരത്തേയും സമീപിക്കുന്നത് എന്നുള്ളതൊക്കെ ഒരുപാട് ആളുകൾ നോക്കി കാണുന്നുണ്ട്. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ സീനിയർ താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സ്ക്വാഡിനകത്ത് സംസാരിക്കാം. അടുത്ത സീസണിലും താരം യുണൈറ്റഡിൽ ഉണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരുപാട് നിർണായക മത്സരങ്ങളിൽ അദ്ദേഹം ടീമിനെ രക്ഷിച്ചിട്ടുണ്ട്. അദ്ദേഹം അടുത്ത സീസണിലും യുണൈറ്റഡിന് വേണ്ടി കളിക്കുമെന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത് ” ഇതാണ് ബ്രൗൺ പറഞ്ഞത്.

ഈ സീസണിൽ യുണൈറ്റഡിലേക്ക് തിരികെയെത്തിയ താരം തുടക്കത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നു. എന്നാൽ യുണൈറ്റഡിന് വേണ്ടത്ര മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *