ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാൻ രംഗത്ത് വന്നത് മൂന്ന് MLS ക്ലബുകൾ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. മാത്രമല്ല റൊണാൾഡോയുടെ പെരുമാറ്റം ക്ലബ്ബിനകത്ത് വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുമെന്നുള്ള റൂമറുകൾ സജീവമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ പോകാൻ അനുവദിക്കുമോ എന്നുള്ളത് ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. അനുയോജ്യമായ ഒരു ക്ലബ്ബ് യൂറോപ്പിൽ കണ്ടെത്തുക എന്നുള്ളത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.
He is attracting interest from the USA.https://t.co/YXdeNQTMuu
— MARCA in English (@MARCAinENGLISH) October 26, 2022
ഇപ്പോഴിതാ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ MLS ക്ലബ്ബുകൾക്ക് താല്പര്യമുണ്ട്. മൂന്ന് MLS ക്ലബ്ബുകളാണ് ഇപ്പോൾ താരത്തിന് വേണ്ടി രംഗത്തു വന്നിട്ടുള്ളത്.ലോസ് ഏഞ്ചലസ് എഫ്സി,ഇന്റർ മിയാമി,LA ഗാലക്സി എന്നീ ടീമുകളാണ് റൊണാൾഡോയിൽ ഇപ്പോൾ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
സാമ്പത്തികപരമായി ഈ മൂന്ന് ടീമുകൾക്കും റൊണാൾഡോയെ സ്വന്തമാക്കാനുള്ള ശേഷിയുണ്ട്.എന്നാൽ റൊണാൾഡോ യൂറോപ്പ് വിട്ട് പുറത്തേക്ക് വരുമോ എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ട കാര്യം. ഇപ്പോഴും ചാമ്പ്യൻസ് ലീഗ് കളിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ട്. അതേസമയം റൊണാൾഡോയെ എത്തിക്കാൻ കഴിഞ്ഞാൽ MLS എന്ന ലീഗിന് വലിയ മുതൽക്കൂട്ടാകും എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.