ക്രിസ്റ്റ്യാനോയെ സൈൻ ചെയ്യുന്നതിനെതിരെ മക്കെന്ന മുന്നറിയിപ്പ് നൽകി: തുറന്ന് പറഞ്ഞ് സോൾഷെയർ
2021ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് മടങ്ങിയെത്തിയത്. യുണൈറ്റഡ് ഇതിഹാസമായ സോൾഷെയറായിരുന്നു അന്ന് പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്. ആ സീസണിൽ 24 ഗോളുകൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയിരുന്നു.എന്നാൽ യുണൈറ്റഡിന്റെ പ്രകടനം മോശമായിരുന്നു. അതുകൊണ്ടുതന്നെ സോൾഷെയർക്ക് തന്റെ പരിശീലക സ്ഥാനം നഷ്ടമായിരുന്നു.
പ്രീമിയർ ലീഗ് ക്ലബ്ബായ ഇപ്സ് വിച്ച് ടൗണിന്റെ പരിശീലകനായ മക്കെന്ന അന്ന് യുണൈറ്റഡിൽ സോൾഷെയർക്കൊപ്പം ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരികെ കൊണ്ടുവരുന്നതിൽ അദ്ദേഹം തനിക്ക് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു എന്നുള്ള കാര്യം സോൾഷെയർ തുറന്ന് പറഞ്ഞിട്ടുണ്ട്. റൊണാൾഡോയെ തിരികെ കൊണ്ടുവന്നത് ഒരു തെറ്റായ ചോയിസ് ആയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു നോർവീജിയൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സോൾഷെയർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മക്കെന്ന അന്ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.എങ്ങനെയാണ് ഈ തീരുമാനത്തെ നമ്മൾ ഡിഫൻഡ് ചെയ്യാൻ പോകുന്നത് എന്നായിരുന്നു അദ്ദേഹം എന്നോട് ചോദിച്ചിരുന്നത്. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റായ ചോയ്സ് ആയിരുന്നു. പക്ഷേ അന്ന് ഞങ്ങൾക്ക് അത് ശരിയായ തീരുമാനമായി കൊണ്ടാണ് അനുഭവപ്പെട്ടത് ” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
എന്നാൽ യുണൈറ്റഡിൽ റൊണാൾഡോക്ക് അധികം ഭാവിയൊന്നും ഉണ്ടായിരുന്നില്ല. പരിശീലകനെതിരെയും ക്ലബ്ബിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ചതിന്റെ ഫലമായി കൊണ്ട് അദ്ദേഹത്തിന് യുണൈറ്റഡ് വിടേണ്ടി വരികയായിരുന്നു. ഇപ്പോൾ പരിശീലകനായ ടെൻഹാഗിന്റെ സ്ഥാനവും നഷ്ടമായിട്ടുണ്ട്. റൊണാൾഡോയുടെ മുൻ സഹതാരമായ റൂബൻ അമോറിമാണ് ഇനി യുണൈറ്റഡിന്റെ പരിശീലിപ്പിക്കുക.