ക്രിസ്റ്റ്യാനോയെ പറഞ്ഞ് വിട്ടു,പുതിയ താരങ്ങളെ എത്തിച്ചു,ടെൻ ഹാഗ് യുണൈറ്റഡിൽ പ്രവർത്തിച്ച അത്ഭുതമെന്ത്?

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസ്ഥ വളരെ പരിതാപകരമായിരുന്നു.അതുകൊണ്ടുതന്നെയാണ് പുതിയ പരിശീലകനായി കൊണ്ട് എറിക്ക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. എന്നാൽ ഇത്ര പെട്ടെന്ന് യുണൈറ്റഡ് തിരിച്ചുവരും എന്ന് അവരുടെ കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അത്രയേറെ അത്ഭുതകരമായ മാറ്റങ്ങളാണ് ടെൻ ഹാഗ് യുണൈറ്റഡിൽ പ്രവർത്തിച്ചിട്ടുള്ളത്.

ആറു വർഷങ്ങൾക്ക് ശേഷം യുണൈറ്റഡിന് ഒരു കിരീടം നേടിക്കൊടുക്കാൻ ടെൻ ഹാഗിന് സാധിച്ചു. അതിനേക്കാളുപരി സ്ഥിരതയാർന്ന മികച്ച പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നടത്തുന്നത്. അതിന്റെ ക്രെഡിറ്റ് ടെൻ ഹാഗിന് തന്നെയാണ് നൽകേണ്ടത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കി എന്നുള്ളത് തന്നെയാണ് ടെൻ ഹാഗ് നടത്തിയിട്ടുള്ള പ്രധാനപ്പെട്ട മാറ്റം. അദ്ദേഹത്തെ ബെഞ്ചിൽ ഇരുത്തുകയും അതുവഴി അദ്ദേഹം ക്ലബ്ബ് വിടുകയുമാണ് ചെയ്തിട്ടുള്ളത്. കൂടാതെ ക്യാപ്റ്റനായിരുന്ന ഹാരി മഗ്വയ്റേയും ടെൻ ഹാഗ് പുറത്തിരുത്തി. കൂടുതൽ നേരം ഉറങ്ങി ട്രെയിനിങ്ങിന് വൈകിയെത്തിയ റാഷ്ഫോർഡിനെ പുറത്തിരുത്താനും ഈ പരിശീലകൻ മടിച്ചില്ല. അതിൽനിന്ന് പാഠം ഉൾക്കൊണ്ട റാഷ്ഫോർഡ് ഇപ്പോൾ അപാര ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

കൂടാതെ പുതുതായി ടീമിലേക്ക് എത്തിച്ച കാസമിറോ,ലിസാൻഡ്രോ,എറിക്സൺ എന്നിവരൊക്കെ മികച്ച പ്രകടനം നടത്തുന്നു. ടീമിനകത്ത് ഒരു ഒത്തിണക്കവും അഗ്രസീവ്നസും ഉണ്ടാക്കിയെടുക്കാൻ ഈ പരിശീലകന് കഴിഞ്ഞു. പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകളെയെല്ലാം യുണൈറ്റഡ് പരാജയപ്പെടുത്തി.യൂറോപ ലീഗിൽ എഫ്സി ബാഴ്സലോണയെ പുറത്താക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് സാധിച്ചു. നിലവിൽ സാധ്യമായ എല്ലാ കോമ്പറ്റീഷനിലും അവശേഷിക്കുന്ന ഏക ഇംഗ്ലീഷ് ടീം കൂടിയാണ് യുണൈറ്റഡ്.

ഏതായാലും ഈ സീസണിൽ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഇനിയും കിരീടങ്ങൾ നേടാനുള്ള അവസരമുണ്ട്. ഇപ്പോൾ നേടിയതുകൊണ്ട് തൃപ്തിപ്പെടരുത് എന്നാണ് പരിശീലകൻ തന്റെ താരങ്ങളെ അറിയിച്ചിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാവട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *