ക്രിസ്റ്റ്യാനോയെ കൊണ്ടുവന്നത് ശരിയായ തീരുമാനം, പിന്നീട് സംഭവിച്ചത് ദുഃഖകരം: സോൾഷെയർ പറയുന്നു

2021ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയത്. പരിശീലകൻ സോൾഷെയറാണ് റൊണാൾഡോയെ തിരികെ കൊണ്ടുവന്നത്.എന്നാൽ ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്ന് സോൾഷെയർക്ക് പരിശീലക സ്ഥാനം നഷ്ടമാവുകയായിരുന്നു.ക്രിസ്റ്റ്യാനോ വന്നതിനുശേഷം കേവലം മൂന്നുമാസം മാത്രമാണ് സോൾഷെയർ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്.2021/22 സീസണിൽ 24 ഗോളുകൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.

എന്നാൽ പുതിയ പരിശീലകനായി ടെൻ ഹാഗ് ചുമതലയേറ്റ ശേഷം കാര്യങ്ങൾ നല്ല രീതിയിലല്ല മുന്നോട്ടുപോയത്. ഒടുവിൽ വിവാദങ്ങളെ തുടർന്ന് റൊണാൾഡോക്ക് ക്ലബ്ബ് വിടേണ്ടി വരികയും ചെയ്തു. ഇതേക്കുറിച്ച് യുണൈറ്റഡിന്റെ പരിശീലകനായ സോൾഷെയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റൊണാൾഡോയെ തിരികെ കൊണ്ടുവന്നത് ശരിയായ തീരുമാനമാണെന്നും എന്നാൽ പിന്നീട് സംഭവിച്ചതിൽ ദുഃഖം തോന്നി എന്നുമാണ് സോൾഷെയർ പറഞ്ഞിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സോൾഷെയറുടെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസ് വിടണമായിരുന്നു.എന്നാൽ അപ്പോൾ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചിരുന്നില്ല. ഞങ്ങൾ ക്രിസ്റ്റ്യാനോ ഇല്ലാതെ ഒരു സ്‌ക്വാഡ് നിർമ്മിക്കുകയായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ഒരു അവസരം വന്നപ്പോൾ അത് മികച്ചതാവുമെന്ന് എല്ലാവരും കരുതി. കാരണം റൊണാൾഡോ മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അത്.28 ഗോളുകൾ അന്ന് അദ്ദേഹം നേടിയിരുന്നു.റൊണാൾഡോയുടെ പ്രൊഫഷണൽ ആറ്റിറ്റ്യൂഡ് എനിക്കിഷ്ടമാണ്.പക്ഷേ അത് എനിക്കോ അദ്ദേഹത്തിനോ വർക്ക് ആയില്ല.അത് ടീമിനും വർക്കായില്ല.പക്ഷേ ആ സമയത്ത് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത് ശരിയായ തീരുമാനമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഞാൻ ക്ലബ്ബ് വിട്ടതിനുശേഷം എല്ലാ വിമർശനങ്ങളും പ്രതിഷേധങ്ങളും ഏൽക്കേണ്ടിവന്നത് റൊണാൾഡോക്കാണ്. തീർച്ചയായും അദ്ദേഹത്തിന് സംഭവിച്ചത് എനിക്ക് വളരെയധികം ദുഃഖമുണ്ടാക്കിയിരുന്നു “ഇതാണ് സോൾഷെയർ പറഞ്ഞത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡ് വിട്ട ശേഷം സൗദി അറേബ്യയിലേക്കാണ് എത്തിയത്. സൗദി അറേബ്യയിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.18 ലീഗ് മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *