ക്രിസ്റ്റ്യാനോയെ കണ്ട് പഠിക്കണമെന്ന് ടുഷേൽ,വേഗത്തിൽ കഴിയില്ലെന്ന് ഹാവെർട്സ്!

നിലവിൽ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് പ്രീമിയർലീഗ് വമ്പന്മാരായ ചെൽസി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.യുണൈറ്റഡിനെതിരെ സമനില വഴങ്ങിയ ചെൽസി എവെർടണോട് പരാജയപ്പെടുകയായിരുന്നു.

ചെൽസിയുടെ സൂപ്പർ താരമായ ഹാവെർട്സ് നിലവിൽ അത്ര മികവിൽ ഒന്നുമല്ല കളിക്കുന്നത്. ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഹാവേർട്സിനെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുക.യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ നിരവധി അവസരങ്ങൾ ഹാവേർട്സ് പാഴാക്കിയിരുന്നു. അതേ മത്സരത്തിൽ തന്നെയായിരുന്നു ക്രിസ്റ്റ്യാനോ യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്.

ആ മത്സരത്തിനുശേഷം ചെൽസിയുടെ പരിശീലകനായ ടുഷേൽ ഹാവേർട്സിന് ചില ഉപദേശങ്ങൾ നൽകിയിരുന്നു. അതായത് ക്രിസ്ത്യാനോ റൊണാൾഡോയെ മാതൃകയാക്കണമെന്നായിരുന്നു ടുഷേൽ പറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ ക്വാളിറ്റിയും ആറ്റിറ്റ്യൂഡും കരിയറുമൊക്കെ കണ്ട് പഠിക്കണമെന്നായിരുന്നു ചെൽസി പരിശീലകന്റെ ഉപദേശം.

എന്നാൽ ഇതിനോട് ഹാവേർട്സ് തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്. ആളുകൾ എല്ലാവരും നിങ്ങൾ പുതിയ ക്രിസ്റ്റ്യാനോ ആവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നാൽ അത് വേഗത്തിൽ സാധ്യമല്ല എന്നുമാണ് ഹാവേർട്സ് പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ പുതിയ ക്രിസ്ത്യാനോ റൊണാൾഡോ ആവുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ അത് വേഗത്തിൽ സാധ്യമല്ല.എല്ലാം പുതിയതാണ്. തുടക്കത്തിൽ മികച്ച ഫുട്ബോൾ കളിക്കാൻ യഥാർത്ഥത്തിൽ എനിക്ക് സാധിച്ചിരുന്നില്ല ” ഇതാണ് ഹാവേർട്സ് പറഞ്ഞിട്ടുള്ളത്.

ഈ പ്രീമിയർലീഗിൽ 26 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ഹാവേർട്സിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *