ക്രിസ്റ്റ്യാനോയെ ഉപയോഗിക്കാതെ പാഴാക്കിയവൻ:ടെൻഹാഗിനെതിരെ മുൻ യുണൈറ്റഡ് പരിശീലകൻ!
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻഹാഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുണൈറ്റഡ് വിടേണ്ടിവന്നത്. റൊണാൾഡോ ഇല്ലാതെ ഒരു മികച്ച ടീമിനെ ഉണ്ടാക്കിയെടുക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. പക്ഷേ യുണൈറ്റഡിന് ഇപ്പോഴും ഒരു പുരോഗതിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വസ്തുത.ഈ സീസണിലും വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.
മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ചിട്ടുള്ള സഹ പരിശീലകനാണ് ബെന്നി മക്കാർത്തി. അദ്ദേഹം ഇപ്പോൾ ടെൻഹാഗിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോയെ പോലെയൊരു മികച്ച താരത്തെ ടെൻഹാഗ് പാഴാക്കിക്കളഞ്ഞു എന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. ടീമിനകത്ത് ഒരു പാഷനും ഉണ്ടാക്കിയെടുക്കാൻ ടെൻഹാഗിന് കഴിഞ്ഞിട്ടില്ലെന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്.ബെന്നിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ടീമിനകത്ത് ഒരു പാഷൻ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ഒരു താരത്തെ പാഴാക്കിക്കളയുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ പൊസിഷൻ ലോകത്തെ ഏറ്റവും മികച്ച താരമാണ് റൊണാൾഡോ. അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടണമായിരുന്നു. ശരിയായ രീതിയിൽ റൊണാൾഡോയെ ഉപയോഗിക്കുന്നതിൽ യുണൈറ്റഡ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ അന്തിമ തീരുമാനങ്ങൾ എടുക്കേണ്ടത് പരിശീലകനാണ്. അത് നമ്മൾ അംഗീകരിക്കേണ്ടതുണ്ട് ” ഇതാണ് യുണൈറ്റഡ് മുൻസഹ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തിരിച്ചെത്തിയ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നു.പക്ഷേ ടീം എന്ന നിലയിൽ യുണൈറ്റഡിന്റെ പ്രകടനം മോശമാവുകയായിരുന്നു. മാത്രമല്ല ടെൻഹാഗ് അദ്ദേഹത്തെ പുറത്തിരുത്തുകയും ചെയ്തിരുന്നു.ഇതോടുകൂടിയാണ് ക്ലബ്ബിനകത്ത് കാര്യങ്ങൾ വഷളായത്.