ക്രിസ്റ്റ്യാനോയെ അർജന്റീനയിൽ കളിപ്പിക്കണം,ക്യാമ്പയിന് തുടക്കമായി!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പാണ്.കാരണം ഈ സീസണിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് റൊണാൾഡോക്ക് ലഭിച്ചിട്ടുള്ളത്.അതിലുള്ള അതൃപ്തി റൊണാൾഡോ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ വരുന്ന ജനുവരിയിൽ തന്നെ അദ്ദേഹം ക്ലബ്ബ് വിടാനും സാധ്യതയുണ്ട്.

റൊണാൾഡോ ഇനി ഏത് ക്ലബ്ബിലേക്ക് പോകുമെന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. ഒരു വലിയ യൂറോപ്പ്യൻ ക്ലബ്ബിലേക്ക് ചേക്കേറുക എന്നുള്ളത് നിലവിൽ റൊണാൾഡോക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇപ്പോഴിതാ അർജന്റൈൻ ക്ലബായ അർജന്റിനോസ് ജൂനിയേഴ്സ് ഒരു ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലേക്ക് എത്തിക്കാനുള്ള ക്യാമ്പയിനാണ് ഇവർ ആരംഭിച്ചിട്ടുള്ളത്.

1970 ൽ ഇതിഹാസമായ മറഡോണയെ അവതരിപ്പിച്ച ക്ലബ്ബാണ് ജൂനിയേഴ്സ്. 1985 നു ശേഷം ഇവർക്ക് കോപ്പ ലിബർട്ടഡോറസ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. അടുത്ത കോപ്പ ലിബർട്ടഡോറസിന് ഇവർ ഇപ്പോൾ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ കിരീടം നേടിത്തരാൻ വേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ റൊണാൾഡോയെ ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജേഴ്സി വരെ ഇവർ ക്യാമ്പയിന് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

യഥാർത്ഥത്തിൽ അർജന്റിനോസ് ജൂനിയേഴ്സിന്‍റെ ആരാധകരാണ് ഈ ക്യാമ്പയിൻ ആദ്യം ആരംഭിച്ചത്. മെസ്സിക്ക് ഇതുവരെ നേടാൻ കഴിയാത്ത കോപ ലിബർട്ടഡോറസ്‌ നിങ്ങൾക്ക് നേടാം എന്ന് പറഞ്ഞാണ് ആരാധകർ ക്യാമ്പയിൻ ആരംഭിച്ചത്.പിന്നീട് ക്ലബ്ബ് തന്നെ സോഷ്യൽ മീഡിയയിലൂടെ ഇത് ഏറ്റെടുക്കുകയായിരുന്നു. ഏതായാലും അർജന്റീന ക്ലബ്ബിന്റെ ക്രിസ്റ്റ്യാനോക്ക് വേണ്ടി തമാശ രൂപേണയുള്ള ഈയൊരു ക്ഷണം ഇപ്പോൾ ഫുട്ബോൾ ലോകത്ത് വൈറലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *