ക്രിസ്റ്റ്യാനോയുടെ സിറ്റിക്കെതിരെയുള്ള പ്രകടനം എങ്ങനെ? അറിയേണ്ടതെല്ലാം!

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ ഒരു തകർപ്പൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. പിന്നെ വൈകിട്ട് ഇന്ത്യൻ സമയം 6:30 ന് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഈ സീസൺ വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. കേവലം ഒരു ഗോൾ മാത്രമാണ് ഈ സീസണിൽ റൊണാൾഡോ നേടിയിട്ടുള്ളത്.യൂറോപ്പ ലീഗിൽ പെനാൽറ്റിയിലൂടെയാണ് താരം ഗോൾ കണ്ടെത്തിയിട്ടുള്ളത്.ഇന്റർനാഷണൽ ബ്രേക്കിലും റൊണാൾഡോക്ക് ഗോൾ നേടാനായില്ല.ഒരു അസിസ്റ്റ് താരം സ്വന്തമാക്കിയിരുന്നു. പല മത്സരങ്ങളിലും ടെൻ ഹാഗ് റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തുകയായിരുന്നു.

എന്തായാലും ഇന്നത്തെ മത്സരത്തിന്റെ ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. സൂപ്പർ താരങ്ങളായ ആന്റണി മാർഷ്യൽ,മാർക്കസ് റാഷ്ഫോർഡ് എന്നിവർക്ക് പരിക്കിന്റെ ചില ആശങ്കകൾ ഉണ്ട്. അതുകൊണ്ടുതന്നെ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പക്ഷേ താരം ഉണ്ടാവുമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുകയുമില്ല.

ഏതായാലും റൊണാൾഡോയുടെ സിറ്റിക്കെതിരെയുള്ള മുൻകാല കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം. ഇതുവരെ തന്റെ കരിയറിൽ റൊണാൾഡോ സിറ്റിക്കെതിരെ 15 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ നിന്ന് അഞ്ചു ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം ഈ 15 മത്സരങ്ങളിൽ നിന്ന് ഒൻപത് വിജയങ്ങൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗിൽ 11 മത്സരങ്ങളാണ് സിറ്റിക്കെതിരെ റൊണാൾഡോ കളിച്ചിട്ടുള്ളത്. മൂന്ന് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു ഗോൾ നേടുകയും FA കപ്പിൽ ഒരു മത്സരത്തിൽ നിന്ന് ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്യാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ഇന്നത്തെ ഡർബി മത്സരത്തിൽ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിഞ്ഞാൽ, അത് അദ്ദേഹത്തിന് തന്റെ ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ വളരെയധികം ഉപകരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *