ക്രിസ്റ്റ്യാനോയും ഞാനും നല്ല ബന്ധമായിരുന്നു, പക്ഷേ തികച്ചും വിപരീതവും :റൂണി പറയുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുപാട് കാലം ഒരുമിച്ചു കളിച്ച 2 സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും വെയ്ൻ റൂണിയും. 2003ലായിരുന്നു റൊണാൾഡോ സ്പോർട്ടിങ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. തൊട്ടടുത്ത വർഷം എവർടൺ വിട്ടു കൊണ്ട് റൂണിയും യുണൈറ്റഡിൽ എത്തി. തുടർന്ന് റൊണാൾഡോ ക്ലബ്ബിൽ വെച്ച് ബാലൺഡി’ഓർ സ്വന്തമാക്കിയപ്പോൾ വെയ്ൻ റൂണി ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ടോപ്പ് സ്കോററായി മാറുകയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ റൂണി തന്നെ പറഞ്ഞിട്ടുണ്ട്. അതായത് താനും റൊണാൾഡോയും തമ്മിൽ നല്ല ബന്ധമായിരുന്നു എന്നാണ് റൂണി പറഞ്ഞിട്ടുള്ളത്.എന്നാൽ തികച്ചും വിപരീതമായ സ്വഭാവ സവിശേഷതകളായിരുന്നു തങ്ങൾക്ക് ഉണ്ടായിരുന്നതെന്നും റൂണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാനും റൊണാൾഡോയും തമ്മിൽ വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. പക്ഷേ ഞങ്ങൾ തികച്ചും വിപരീത സ്വഭാവക്കാരായിരുന്നു.വളരെ തമാശയായിരുന്നു.റൊണാൾഡോ വളരെ നല്ല ഒരു ക്യാരക്ടറിന് ഉടമയായിരുന്നു.എപ്പോഴും ചിരിച്ചും കുഴപ്പങ്ങൾ സൃഷ്ടിച്ചുമായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്.സ്ലാറ്റനെ പോലെയായിരുന്നു അദ്ദേഹം.സൗന്ദര്യ കാര്യങ്ങളിൽ റൊണാൾഡോ വളരെയധികം ജാഗരൂകനായിരുന്നു. താൻ വളരെയധികം സുന്ദരൻ ആണെന്ന് റൊണാൾഡോ പലപ്പോഴും കണ്ണാടിയിൽ നോക്കിക്കൊണ്ട് പറയും. എന്നാൽ ഞാൻ ഇതിൽ നിന്നൊക്കെ വിപരീതമായിരുന്നു ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.
ഇരുവരും ഒരുമിച്ച് 205 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.ഇതിൽ റൊണാൾഡോ 14 തവണ റൂണിക്ക് അസിസ്റ്റ് നൽകിയിട്ടുണ്ട്. അതേസമയം റൂണി റൊണാൾഡോക്ക് 11 അസിസ്റ്റുകളും നൽകിയിട്ടുണ്ട്. റൊണാൾഡോയെക്കാൾ മികച്ച താരം മെസ്സിയാണ് എന്ന പ്രസ്താവന കൊണ്ട് തന്നെ ഒരുപാട് വിമർശനങ്ങൾ റൊണാൾഡോ ആരാധകരിൽ നിന്നും ഏൽക്കേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയാണ് റൂണി.