ക്രിസ്റ്റ്യാനോക്ക് പകരം സൂപ്പർ താരത്തെ സ്ട്രൈക്കറാക്കാൻ തീരുമാനമെടുത്ത് ടെൻ ഹാഗ്!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ തങ്ങളുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് കീഴിൽ മൂന്ന് സൗഹൃദ മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആ മൂന്ന് മത്സരങ്ങളിലും മികച്ച വിജയം നേടാൻ യുണൈറ്റഡിന് സാധിച്ചിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്നായി 11 ഗോളുകളാണ് യുണൈറ്റഡ് ആകെ നേടിയിട്ടുള്ളത്.

ഈ മത്സരങ്ങളിൽ ഏവരെയും ഞെട്ടിച്ചിട്ടുള്ളത് സൂപ്പർ താരം ആന്റണി മാർഷ്യലിന്റെ പ്രകടനമാണ്. മൂന്നു മത്സരങ്ങളിലും ഗോൾ നേടാൻ മാർഷ്യലിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തെ സ്ഥിരമായോ ലോണിലോ കൈവിടാൻ യുണൈറ്റഡ് ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. പ്രമുഖ മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്ത സീസണിലേക്കുള്ള തന്റെ പ്ലാനുകളിൽ ഇടമുണ്ട് എന്നുള്ള കാര്യം എറിക്ക് ടെൻ ഹാഗ് മാർഷ്യലിനെ അറിയിക്കുകയായിരുന്നു.ഇതോടെ താരവും ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം സ്പാനിഷ് ക്ലബ്ബായ സെവിയ്യയിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേക്കേറിയിരുന്നു. അവിടെയും തിളങ്ങാൻ സാധിക്കാതെ വന്നതോടുകൂടിയാണ് മാർഷ്യൽ യുണൈറ്റഡിൽ തന്നെ മടങ്ങിയെത്തിയത്.

കഴിഞ്ഞ സീസണിൽ 23 മത്സരങ്ങളായിരുന്നു യുണൈറ്റഡിനും സെവിയ്യക്കും വേണ്ടി മാർഷ്യൽ ആകെ കളിച്ചിരുന്നത്. അതിൽ നിന്ന് രണ്ട് ഗോളുകളും ഒരു അസിസ്റ്റും മാത്രമാണ് താരത്തിന് നേടാൻ സാധിച്ചിട്ടുള്ളത്. എന്നാൽ എറിക്ക് ടെൻ ഹാഗിന് കീഴിൽ താരം പുരോഗതി കൈവരിക്കുകയായിരുന്നു.

അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇപ്പോഴും തീരുമാനമായിട്ടില്ല. അതുകൊണ്ടുതന്നെ സ്ട്രൈക്കർ പൊസിഷനിൽ റൊണാൾഡോക്ക് പകരം മാർഷ്യലിനെ ഉപയോഗിക്കാനാണ് ഇപ്പോൾ ടെൻ ഹാഗ് തീരുമാനമെടുത്തിട്ടുള്ളത്.റൊണാൾഡോ യുണൈറ്റഡിൽ തുടരാൻ തീരുമാനിച്ചാൽ ടെൻ ഹാഗ് തന്റെ പ്ലാനുകളിൽ മാറ്റം വരുത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *