ക്രിസ്റ്റ്യാനോക്കായി വമ്പൻമാർ രംഗത്ത്,കഴിഞ്ഞ വർഷത്തെ ട്വിസ്റ്റ് ആവർത്തിക്കുമോ?

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇപ്പോഴും വിരാമമായിട്ടില്ല. വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നിരാശനാണെന്നും അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആലോചിക്കുന്നുണ്ട് എന്നുള്ള കാര്യവും പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട പുതിയ ഒരു റൂമർ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തെ കൈവിടാൻ ഇതുവരെ ബയേൺ ഒരുക്കമായിട്ടില്ല. പക്ഷേ അദ്ദേഹത്തെ നഷ്ടമായാൽ ആ സ്ഥാനത്തേക്ക് ഒരു മികച്ച സ്ട്രൈക്കറെ ബയേണിന് ആവശ്യമായി വരും.

ആ സ്ഥാനത്തേക്ക് ബയേൺ പരിഗണിക്കുന്നത് റൊണാൾഡോയെയാണ്. പ്രമുഖ മാധ്യമമായ AS ആണ് ഇക്കാര്യം പുറത്തു വിട്ടിട്ടുള്ളത്. ഇവരെ ഉദ്ധരിച്ചുകൊണ്ട് TYC സ്പോർട്സും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നും സാഡിയോ മാനെയെ സ്വന്തമാക്കാൻ ബയേണിന് സാധിച്ചിരുന്നു.റൊണാൾഡോയെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ മുന്നേറ്റനിരയുടെ ശക്തി വർദ്ധിപ്പിക്കാൻ ബയേണിന് സാധിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

കഴിഞ്ഞ സീസണിലായിരുന്നു റൊണാൾഡോ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്.യുവന്റസിനൊപ്പം ആരംഭിച്ചതിന് ശേഷം ട്വിസ്റ്റ് എന്ന രൂപേണയായിരുന്നു റൊണാൾഡോ അവസാനത്തിൽ യുണൈറ്റഡിലേക്ക് കൂട് മാറിയത്. 37 കാരനായ താരം കഴിഞ്ഞ സീസണിൽ 24 ഗോളുകളും 3 അസിസ്റ്റുകളും കരസ്ഥമാക്കിയിരുന്നു. ഏതായാലും കഴിഞ്ഞ തവണ അവസാനത്തിൽ സംഭവിച്ചതുപോലെ ഇത്തവണയും റൊണാൾഡോയുടെ കാര്യത്തിൽ ഒരു കൂടുമാറ്റം ഉണ്ടാവുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *