കോവിഡ് കേസുകൾ ഇല്ല, പ്രീമിയർ ലീഗിന് ആശ്വാസം

പ്രീമിയർ ലീഗ് അധികൃതർ അവസാനമായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാ ഫലവും നെഗറ്റീവ് ആയതായി അധികൃതരുടെ ഔദ്യോഗികസ്ഥിരീകരണം. പുതിയ പരിശോധനയിൽ ഒരൊറ്റ കോവിഡ് കേസ് പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല എന്നുള്ളത് പുനരാരംഭിക്കാനിരിക്കുന്ന ലീഗിനെ സംബന്ധിച്ചെടുത്തോളം ആശ്വാസവാർത്തയാണ്. പ്രീമിയർ ലീഗിന്റെ നേതൃത്വത്തിൽ ഇത് ആറാമത്തെ തവണയാണ് പരിശോധന നടത്തുന്നത്. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായി 1195 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. എല്ലാവരുടെയും നെഗറ്റീവ് ആയതായി പ്രീമിയർ ലീഗ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകൾ 6274 എണ്ണമായി. ഇതിൽ പതിമൂന്നു പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയതെന്നും ഇവർ അറിയിച്ചു. 0.20% മാത്രമാണ് ഉള്ളതെന്നും ആശ്വാസകരമായ വാർത്തയാണ് ഇതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

മുൻപ് ലീഗ് നടത്തിയ അഞ്ചാം റൗണ്ട് പരിശോധനയിൽ 1197 പേരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. പേര് വെളിപ്പെടുത്താത്ത ഒരു ടോട്ടൻഹാം താരത്തിനാണ് പോസിറ്റീവ് ആയത്. അതിന് മുൻപത്തെ നാലാം റൗണ്ടിൽ 1130 പേർക്കായിരുന്നു ടെസ്റ്റ്‌ നടത്തിയത്. അന്ന് ഒരാൾക്ക് പോലും പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ആദ്യമൂന്നു ഘട്ടപരിശോധനകളിലെ ഫലങ്ങളായിരുന്നു പ്രീമിയർ ലീഗിൽ ആശങ്ക പരത്തിയിരുന്നത്. അതിൽ ആകെ ആറ് പോസിറ്റീവ് കേസുകൾ ആയിരുന്നു റിപ്പോർട്ട്‌ ചെയ്തിരുന്നത്. അതും മൂന്ന് വിത്യസ്ത ക്ലബുകളിൽ ഉള്ള താരങ്ങൾക്ക്. ഇത് കാര്യങ്ങളെ തുടക്കത്തിൽ കൂടുതൽ സങ്കീർണമാക്കിയിരുന്നുവെങ്കിലും പുതിയ ടെസ്റ്റ്‌ ഫലങ്ങൾ ഇപ്പോൾ അനുകൂലമാണ്. ജൂൺ പതിനേഴിനാണ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *