കൂട്ടീഞ്ഞോയെ വേണം, പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻ ക്ലബും രംഗത്ത്!

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പെ കൂട്ടീഞ്ഞോ. സാവിയുടെ പ്ലാനിൽ കൂട്ടീഞ്ഞോക്ക് ഇടമില്ല എന്നുള്ള കാര്യം വ്യക്തമായതാണ്. അത് മാത്രമല്ല പുതിയ താരങ്ങളെ എത്തിക്കാൻ ബാഴ്സയുടെ വെയ്ജ് ബിൽ കുറക്കേണ്ടതുണ്ട്. ഇതിനാൽ തന്നെ കൂട്ടീഞ്ഞോ ബാഴ്‌സ വിടേണ്ടി വരും.

ഇപ്പോഴിതാ താരത്തിൽ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ രംഗത്ത് വന്നിട്ടുണ്ട്.സ്പാനിഷ് മാധ്യമമായ സ്‌പോർട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂട്ടീഞ്ഞോയെ എത്തിക്കുന്നതിന് ഗണ്ണേഴ്‌സിന്റെ പരിശീലകനായ ആർട്ടെറ്റ സമ്മതം മൂളിയിട്ടുണ്ട്. കൂട്ടീഞ്ഞോക്ക് പ്രീമിയർലീഗിൽ തിളങ്ങാനാവുമെന്നാണ് ആർട്ടെറ്റ വിശ്വസിക്കുന്നത്. ബാഴ്‌സക്ക് താരത്തെ വിൽക്കാനാണ് താല്പര്യമെങ്കിലും ലോണിൽ സ്വന്തമാക്കാനാണ് ആഴ്സണൽ ആഗ്രഹിക്കുന്നത്.

നേരത്തെ തന്നെ രണ്ട് പ്രീമിയർലീഗ് ക്ലബ്ബുകൾ കൂട്ടീഞ്ഞോക്കായി രംഗത്ത് വന്നിരുന്നു. ന്യൂകാസിൽ യുണൈറ്റഡും എവെർട്ടണുമായിരുന്നു അത്.14 മില്യൺ യൂറോയോളമാണ് കൂട്ടീഞ്ഞോയുടെ സാലറി വരുന്നത്. അത്കൊണ്ട് തന്നെ ലോണിൽ സ്വന്തമാക്കനാണ് എവെർട്ടണും ആഗ്രഹിക്കുന്നത്. ക്ലബ് വിട്ട ഹാമിഷ് റോഡ്രിഗസിന്റെ സ്ഥാനത്തേക്കാണ് കൂട്ടീഞ്ഞോയെ പരിഗണിക്കുന്നത്.

135 മില്യൺ യൂറോയെന്ന വൻ തുകക്കായിരുന്നു കുട്ടിഞ്ഞോ ലിവർപൂളിൽ നിന്നും എഫ്സി ബാഴ്സലോണയിൽ എത്തിയത്.2023 വരെയാണ് അദ്ദേഹത്തിന് ബാഴ്സയുമായി കരാർ അവശേഷിക്കുന്നത്. മുമ്പ് ലിവർപൂളിന് വേണ്ടി പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്താൻ കൂട്ടീഞ്ഞോക്ക് സാധിച്ചിരുന്നു. ആ വിശ്വാസത്തിലാണ് പ്രീമിയർലീഗ് ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *