കൂട്ടിഞ്ഞോയെ സ്ഥിരമാക്കണം : സ്ഥിരീകരിച്ച് ജെറാർഡ്!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടിഞ്ഞോ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് ആസ്റ്റൺ വില്ലയിലേക്കെത്തിയത്.ലോണടിസ്ഥാനത്തിലാണ് താരം നിലവിൽ പ്രീമിയർ ലീഗിൽ കളിച്ചു കൊണ്ടിരിക്കുന്നത്.ആസ്റ്റൺ വില്ലക്ക് വേണ്ടി മികച്ച പ്രകടനമാണ് കൂട്ടിഞ്ഞോ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
അത്കൊണ്ട് തന്നെ താരത്തെ സ്ഥിരപ്പെടുത്താൻ ആസ്റ്റൺ വില്ലയുടെ പരിശീലകനായ സ്റ്റീവൻ ജെറാർഡിന് താല്പര്യമുണ്ട്.ഇക്കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.ഹൈ ലെവലിൽ ഉള്ള താരമാണ് കൂട്ടിഞ്ഞോയെന്നും സഹ താരങ്ങൾക്ക് അദ്ദേഹം വിശ്വാസം പകർന്നു നൽകുന്നു എന്നുമാണ് കൂട്ടിഞ്ഞോയെ കുറിച്ച് ജെറാർഡ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 8, 2022
” കൂട്ടിഞ്ഞോ ബാഴ്സയിലും മികച്ച പ്രകടനം തന്നെയായിരുന്നു നടത്തിയിരുന്നത്. പക്ഷേ അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയ സമയങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു മാറ്റം ആവശ്യമായി വന്നു.ആ മാറ്റമാവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അദ്ദേഹം എവിടെ എത്താൻ ആഗ്രഹിച്ചിരുന്നുവോ അവിടേക്ക് എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.കൂട്ടിഞ്ഞോയെ പോലെയുള്ള പ്രതിഭകളെ വെച്ച് ഞങ്ങൾ ടീമിനെ പടുത്തുയർത്തേണ്ടതുണ്ട്.കാരണം അവൻ ഒരു ഹൈ ലെവൽ താരമാണ്.കളിയുടെ ഗതി തിരിക്കാൻ കെല്പുള്ള ഒരു താരം എല്ലാ മികച്ച ടീമുകളിലും ഉണ്ടാവും. അത്തരത്തിലുള്ള ഒരു താരമാണ് കൂട്ടിഞ്ഞോ. അദ്ദേഹം സഹ താരങ്ങൾക്ക് വിശ്വാസം പകർന്നു നൽകുന്നു. ഞങ്ങളുടെ സ്ട്രൈക്കർമാർക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. കാരണം വലിയ സ്റ്റേജുകളിൽ അദ്ദേഹം അവരെ സഹായിക്കുന്നു.എനിക്ക് ട്രാൻസ്ഫർ ഫീയോ സാലറിയോ നിയന്ത്രിക്കാനാവില്ല. എനിക്ക് ആകെ ചെയ്യാൻ കഴിയുന്ന കാര്യം ക്ലബ്ബ് അധികൃതരോട് അദ്ദേഹത്തെ നിലനിർത്താൻ ആവശ്യപ്പെടുക എന്നുള്ളതാണ്. അവരും മത്സരങ്ങൾ കാണുന്നുണ്ട്. അന്തിമതീരുമാനം അവർ കൈക്കൊള്ളും. തന്റെ കഴിവുകൾ എന്തൊക്കെയാണ് എന്നുള്ളത് ഇതിനോടകംതന്നെ കൂട്ടിഞ്ഞോ തെളിയിച്ചുകഴിഞ്ഞു ” ജെറാർഡ് പറഞ്ഞു.
കഴിഞ്ഞ സതാംപ്റ്റണെതിരെയുള്ള മത്സരത്തിൽ ഒരു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കാൻ താരത്തിനു സാധിച്ചിരുന്നു. പ്രീമിയർലീഗിലെ ഏഴ് മത്സരങ്ങളിൽനിന്ന് മൂന്നു ഗോളും മൂന്ന് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.