കൂടുതൽ സാലറി നൽകുന്നതാര്? പ്രീമിയർ ലീഗിലെ ടോപ് സിക്സ് ക്ലബുകളുടെ വെയ്ജ് ബിൽ പുറത്ത്!

കഴിഞ്ഞ ട്രാൻസ്ഫർ ഒരുപിടി സൂപ്പർതാരങ്ങൾ പ്രീമിയർ ലീഗിലേക്ക് എത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ,ജേഡൻ സാഞ്ചോ,റൊമേലു ലുക്കാക്കു എന്നിവരൊക്കെ അത്തരത്തിലുള്ള താരങ്ങളാണ്.അത്കൊണ്ട് തന്നെ ക്ലബുകളുടെ വെയ്ജ് ബില്ലിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പ്രീമിയർ ലീഗിലെ ടോപ് സിക്സ് ക്ലബുകളുടെ വെയ്ജ് ബില്ലുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. കമ്പനീസ് ഹൗസിനെ ഉദ്ധരിച്ചുകൊണ്ട് മാർക്കയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. ഇതുപ്രകാരം പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സാലറി നൽകുന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്.355 മില്യൺ പൗണ്ടാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വെയ്ജ് ബിൽ.ജാക്ക് ഗ്രീലീഷിന്റെ വരവ് ഇതിൽ ചെറിയ രൂപത്തിലുള്ള മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്.

അതേസമയം രണ്ടാം സ്ഥാനത്ത് വരുന്നത് ചെൽസിയാണ്.സിറ്റിയേക്കാൾ 12 മില്യൺ പൗണ്ടിനാണ് ചെൽസി പിറകിലുള്ളത്.343 മില്യൺ പൗണ്ടാണ് ചെൽസിയുടെ വെയ്ജ് ബിൽ.ലുക്കാക്കുവിന്റെ വരവ് ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.

മൂന്നാംസ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്. ക്രിസ്റ്റ്യാനോ,വരാനെ,സാഞ്ചോ എന്നിവർ ഈ സീസണിൽ യുണൈറ്റഡിൽ എത്തിയ താരങ്ങളാണ്. അതുകൊണ്ടുതന്നെ 323 മില്യൺ പൗണ്ടാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ വെയ്ജ് ബിൽ.

നാലാം സ്ഥാനത്ത് ലിവർപൂളാണ് വരുന്നത്.314 മില്യൺ പൗണ്ടാണ് ലിവർപൂളിന്റെ വെയ്ജ് ബിൽ. പക്ഷേ കഴിഞ്ഞ സീസണിനേക്കാൾ 11 മില്യൺ പൗണ്ട് കുറവാണ് ഇത്.കൂടാതെ ലൂയിസ് ഡിയാസ്,ഇബ്രാഹിം കൊനാട്ടെ എന്നിവരെ ലിവർപൂൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചാം സ്ഥാനത്ത് ആഴ്സണലാണ് വരുന്നത്.244 മില്യൺ പൗണ്ടാണ് ആഴ്സണൽ സാലറിയിനത്തിൽ ചിലവഴിക്കുന്നത്. തൊട്ടു മുന്നിലുള്ള ലിവർപൂളിനെക്കാൾ 70 മില്യൺ പൗണ്ടിന്റെ വ്യത്യാസം ഇവിടെ കാണാൻ സാധിക്കും.205 മില്യൺ പൗണ്ടുള്ള ടോട്ടൻഹാമാണ് ആറാം സ്ഥാനം നേടിയിരിക്കുന്നത്.

ഈ ആറ് ടീമുകൾക്കും പ്രീമിയർ ലീഗിലെ ആദ്യ ഏഴ് സ്ഥാനങ്ങളിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റിന്റെ കാര്യത്തിലും ഒന്നാമത് നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *