കാണാൻ തന്നെ പേടി തോന്നുന്നതായിരുന്നു : ടീമിനെ വിമർശിച്ച് ക്ലോപ്!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.3-3 എന്ന സ്കോറിന് ബ്രയിറ്റണായിരുന്നു ലിവർപൂളിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ലിവർപൂൾ രണ്ട് ഗോളുകൾക്ക് പുറകിൽ പോയെങ്കിലും 3 ഗോളുകൾ നേടി കൊണ്ട് തിരിച്ചുവരികയായിരുന്നു. എന്നാൽ ബ്രയിറ്റൻ ഒരു ഗോൾ കൂടി നേടി കൊണ്ട് സമനില പിടിക്കുകയായിരുന്നു.
ഏതായാലും ഈ മത്സരത്തിന്റെ ഫലത്തിലും രീതിയിലും ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഒട്ടും സന്തോഷവാൻ അല്ല. പലപ്പോഴും മത്സരത്തിൽ പേടിപ്പെടുത്തുന്ന കാഴ്ചകളാണ് കാണേണ്ടി വന്നത് എന്നാണ് ലിവർപൂളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ടീം ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ക്ലോപ്പ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
The highlights from today's 3-3 draw against Brighton at Anfield 📽 pic.twitter.com/TXz5hn1KHu
— Liverpool FC (@LFC) October 1, 2022
” ബ്രയിറ്റണിന്റെ മുന്നേറ്റ നിര താരങ്ങൾ ഞങ്ങളുടെ ബോക്സിന്റെ തൊട്ടു വെളിയിൽ കിടന്ന് കളി മെനയുന്നത് എത്രയോ തവണ ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ എണ്ണം എനിക്കറിയില്ല. ശരിക്കും പേടിപ്പെടുത്തുന്ന ഒരു കാഴ്ച തന്നെയായിരുന്നു അത്.ഞങ്ങൾക്ക് വളരെയധികം സമ്മർദ്ദം ഉണ്ടായിരുന്നു. ഒരിക്കലും ഞങ്ങൾക്ക് അതിനെ അവഗണിക്കാനാവില്ല.എല്ലാ ദിവസവും ഈ സമ്മർദ്ദം വർദ്ധിച്ചുവരുന്നത് ഞങ്ങൾക്ക് അനുവദിക്കാനാവില്ല. ഞങ്ങൾ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്.കൂടുതൽ പോയിന്റുകൾ ഞങ്ങൾ നേടണം. പോയിന്റ് ടേബിളിൽ ഇനിയും മുന്നേറുക തന്നെ ചെയ്യണം ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
7 മത്സരങ്ങൾ കളിച്ച ലിവർപൂളിന് കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.10 പോയിന്റ് ഉള്ള ലിവർപൂൾ നിലവിൽ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്.