കവാനി, ഇബ്രാഹിമോവിച്ച്, ലീഡ്സ് യുണൈറ്റഡിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ഉടമസ്ഥൻ പറയുന്നു !

പതിനാറു വർഷത്തെ ഇടവേളക്ക് ശേഷം ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നതായിരുന്നു ഈ അടുത്ത നാളുകളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വാർത്ത. മൂന്ന് ലീഗ് കിരീടങ്ങൾ നേടി ഒരു കാലത്ത് മികച്ച ടീമായി നിലകൊണ്ടിരുന്ന ലീഡ്സ് പിന്നീട് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സാമ്പത്തികപ്രതിസന്ധി മൂലം പിരിച്ചു വിടലിന്റെ വക്കിൽ വരെ എത്തിയ ക്ലബ് പിന്നീട് പരിശീലകൻ മാഴ്‌സെലോ ബിയൽസയുടെ കീഴിൽ ഉയർത്തെഴുന്നേറ്റു വരികയായിരുന്നു. അടുത്ത സീസണിൽ ലീഡ്സ് യുണൈറ്റഡും പ്രീമിയർ ലീഗിൽ ഉണ്ടാവുമെന്ന കാര്യം ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ്. അതേസമയം ക്ലബിന്റെ ലക്ഷ്യങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണിപ്പോൾ ഓണറായ ആൻഡ്രിയ റാഡ്‌റിസാനി. ഇറ്റാലിയൻ ബിസിനസ്മാനായ ഇദ്ദേഹം എഡിൻസൺ കവാനി, ഇബ്രാഹിമോവിച് എന്നിവരെയൊക്കെയാണ് ലക്ഷ്യം വെക്കുന്നത്. അതേസമയം ഇബ്രയെ എത്തിക്കൽ ബുദ്ധിമുട്ട് ആണെന്നും ഇദ്ദേഹം അറിയിച്ചു.

” ഇബ്രാഹിമോവിച്ചിനെ ലഭിക്കുക എന്നുള്ളത് ബുദ്ദിമുട്ടുള്ള കാര്യമാണ്. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തെ സൈൻ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹം എസി മിലാനിൽ പോവാൻ തീരുമാനിക്കുകയായിരുന്നു. ഇനിയിപ്പോൾ അദ്ദേഹത്തെ ക്ലബിൽ എത്തിക്കാൻ കഴിയില്ല. എന്തെന്നാൽ പ്രീമിയർ ലീഗ് കാഠിന്യമേറിയതാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ കവാനി നല്ലൊരു ടീമിന് പറ്റിയ താരമാണ്. ശാരീരികമായും മറ്റു കാര്യങ്ങളാലും അദ്ദേഹത്തിന് പെട്ടന്ന് ടീമിനോട് ഇണങ്ങിചേരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അദ്ദേഹത്തെ പറ്റി ഇത് വരെ പരിശീലകനുമായി സംസാരിച്ചിട്ടില്ല. തീർച്ചയായും കവാനിയെ കുറിച്ച് ഞങ്ങൾ ആലോചിക്കും. അദ്ദേഹം ഇപ്പോഴും ഫ്രീ ട്രാൻസ്ഫറിൽ ലഭ്യവുമാണ് ” സ്കൈ സ്പോർട്ട് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *