കളി തീരും മുമ്പേ ഓൾഡ് ട്രാഫോഡ് വിട്ട് ക്രിസ്റ്റ്യാനോ,വിമർശനം!

ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു. സ്പാനിഷ് ക്ലബ്ബായ റയോ വല്ലക്കാനോയായിരുന്നു യുണൈറ്റഡിനെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്.യുണൈറ്റഡിന് വേണ്ടി ഡയാലോ ഗോൾ നേടിയപ്പോൾ വല്ലക്കാനോക്ക് വേണ്ടി അൽവാരോ ഗാർഷ്യയായിരുന്നു ഗോൾ നേടിയത്.

ഈ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തിരുന്നു. ഈ പ്രീ സീസണിൽ റൊണാൾഡോ കളിക്കുന്ന ആദ്യത്തെ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ആദ്യ പകുതി മാത്രമാണ് താരം കളിച്ചിട്ടുള്ളത്. ഇതിന് ശേഷം താരത്തെ പിൻവലിക്കുകയായിരുന്നു.

എന്നാൽ മത്സരം പൂർത്തിയാകും വരെ ഓൾഡ് ട്രഫോഡിൽ തുടരാൻ റൊണാൾഡോ തയ്യാറായിരുന്നില്ല. മത്സരം പൂർത്തിയാകുന്നതിനു മുന്നേ തന്നെ റൊണാൾഡോ ഓൾഡ് ട്രഫോഡ് വിടുന്ന ചിത്രങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല റൊണാൾഡോയുടെ ഈ പ്രവർത്തിക്കെതിരെ ചിലർ വിമർശനങ്ങൾ ഉയർത്തിയിട്ടുമുണ്ട്. താരം കുറച്ചുകൂടി പ്രൊഫഷണലിസം കാണിക്കേണ്ടിയിരിക്കുന്നു എന്നാണ് വിമർശകരുടെ അഭിപ്രായങ്ങൾ.

ഏതായാലും ഈ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡ് വിടാൻ ശ്രമിച്ച താരമാണ് റൊണാൾഡോ. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമോ എന്നുള്ള കാര്യത്തിൽ ഒരു ഒഫീഷ്യൽ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.പക്ഷേ റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരാനാണ് നിലവിൽ സാധ്യതകൾ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *