കളി അവസാനിക്കും മുമ്പേ കളം വിട്ടു,റൊണാൾഡോയുടെ വിഷയത്തെ നാളെ കൈകാര്യം ചെയ്യുമെന്ന് ടെൻ ഹാഗ്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്.ഫ്രഡ്‌,ബ്രൂണോ എന്നിവരായിരുന്നു യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനും യുണൈറ്റഡിന് സാധിച്ചിരുന്നു.

എന്നാൽ ഈ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിലോ പകരക്കാരനായോ ഇറക്കാൻ ടെൻ ഹാഗ് തയ്യാറായിരുന്നില്ല. ഇതിൽ ക്ഷുഭിതനായ റൊണാൾഡോ മത്സരം അവസാനിക്കും മുമ്പേ കളം വിടുകയായിരുന്നു. ഇത് ഫുട്ബോൾ ലോകത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഒട്ടും ബഹുമാനമില്ലാത്ത പ്രവർത്തിയാണ് റൊണാൾഡോ ചെയ്തത് എന്നാണ് പലരും ആരോപിക്കുന്നത്.

ഇപ്പോഴിതാ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗ് സംസാരിച്ചിട്ടുണ്ട്. റൊണാൾഡോയുടെ ഈ വിഷയം നാളെ കൈകാര്യം ചെയ്യുമെന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അതൊരിക്കലും അംഗീകരിക്കാനാവാത്ത പ്രവർത്തിയാണ്. ഞാൻ അതിനെ കൂടുതൽ ശ്രദ്ധ നൽകുന്നൊന്നുമില്ല.നാളെ ഞങ്ങൾ ഇക്കാര്യം കൈകാര്യം ചെയ്യും. ഈ ടീമിൽ ഫോക്കസ് ചെയ്യുകയാണ് വേണ്ടത്. വളരെ മികച്ച പ്രകടനമാണ് ഇന്നത്തെ മത്സരത്തിൽ ഈ ടീം പുറത്തെടുത്തത് ” ടെൻ ഹാഗ് പറഞ്ഞു.

നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് തന്നെയാണ് യുണൈറ്റഡ് ഉള്ളത്. 19 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *