ഓസിലിന്റെ ഭാവി ആ കാര്യത്തെ ആശ്രയിച്ച്, ആർട്ടെറ്റ പറയുന്നു !

ആഴ്സണലിന്റെ ജർമ്മൻ സൂപ്പർ താരം മെസ്യൂട്ട് ഓസിലിന് ഈ സീസണിൽ ഒരൊറ്റ മത്സരം പോലും ഗണ്ണേഴ്‌സിന് വേണ്ടി കളിക്കാൻ സാധിച്ചിട്ടില്ല. ഈ പ്രീമിയർ ലീഗ് സീസണിലെ ആദ്യ ആറു മാസത്തിനുള്ള ഇരുപത്തിയഞ്ച് അംഗ സ്‌ക്വാഡിൽ ഇടം നേടാൻ ഓസിലിന് സാധിച്ചിരുന്നില്ല. കൂടാതെ യൂറോപ്പ ലീഗിനുള്ള സ്‌ക്വാഡിലും താരത്തിന് ഇടം ലഭിച്ചിരുന്നില്ല. പരിശീലകൻ ആർട്ടെറ്റ താരത്തെ തഴയുകയായിരുന്നു. എന്നാൽ ഈ പ്രീമിയർ ലീഗിൽ വളരെ മോശം പ്രകടനമായിരുന്നു ഗണ്ണേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായത്. ഒരു ഘട്ടത്തിൽ ആഴ്സണൽ പതിനഞ്ചാം സ്ഥാനത്തായിരുന്നു. ഇതോടെ ഓസിലിനെ തിരിച്ചു കൊണ്ടു വരണമെന്ന ശക്തമായ മുറവിളി ആരാധകർക്കിടയിൽ നിന്ന് ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ ഓസിൽ തിരികെ പ്രീമിയർ ലീഗ് സ്‌ക്വാഡിൽ ഇടം പിടിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ആർട്ടെറ്റ.

ഈ ജനുവരിയിലെ ട്രാൻസ്ഫറുകളെ ആശ്രയിച്ചാണ് ഓസിലിന്റെ ഭാവി ഇരിക്കുന്നത് എന്നാണ് ആർട്ടെറ്റ തുറന്നു പറഞ്ഞത്. ” ഈ ട്രാൻസ്ഫർ ജാലകത്തിൽ എന്ത് സംഭവിക്കുമെന്ന് നോക്കി കാണേണ്ടിയിരിക്കുന്നു. അവസാനം എല്ലാ വിലയിരുത്തിയതിന് ശേഷം താരത്തിന്റെ കാര്യം പരിഗണിക്കും ” ആർട്ടെറ്റ പറഞ്ഞു. നിലവിൽ ആഴ്സണൽ താരായ സീഡ് കൊളാസിനാച് ആഴ്സണൽ വിട്ട് ഷാൽക്കെയിലേക്ക് ചേക്കേറിയിരുന്നു. ലോണിൽ ആണ് താരം ചേക്കേറിയത്. കൂടാതെ ഒന്നു രണ്ട് താരങ്ങളും ക്ലബ് വിടാൻ നിൽക്കുന്നുണ്ട്.മാത്രമല്ല റയൽ താരം ഇസ്‌ക്കോയെ ടീമിൽ എത്തിക്കാൻ ആഴ്സണൽ ശ്രമിക്കുന്നുമുണ്ട്. ഏതായാലും നിലവിലെ സ്‌ക്വാഡിൽ ഒഴിവ് ലഭിച്ചാൽ ഓസിലിനെ ആർട്ടെറ്റ പരിഗണിച്ചേക്കും. അതേസമയം താരത്തിന്റെ കരാർ ഈ സമ്മറിൽ അവസാനിക്കും. താരത്തെ ഈ ജനുവരിയിൽ തന്നെ പറഞ്ഞു വിടണമെന്ന് ഒരു കൂട്ടം ആരാധകരും ആവിശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *