ഓപ്പറേഷൻ റഫീഞ്ഞ,ബാഴ്സക്ക് മുന്നിലുള്ളത് രണ്ട് തടസ്സങ്ങൾ!

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവിയുള്ളത്. നിരവധി താരങ്ങളെ ബാഴ്സ ലക്ഷ്യം വെച്ചിട്ടുണ്ട്. അതിലൊരു താരമാണ് ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റഫീഞ്ഞ.

താരവുമായി മുമ്പ് തന്നെ ബാഴ്സ അധികൃതർ ബന്ധപ്പെട്ടിരുന്നു. എന്നാൽ ചർച്ചകൾ എവിടെയും എത്തിയിട്ടില്ല.താരത്തെ സ്വന്തമാക്കുന്നതിന് നിലവിൽ രണ്ടു തടസ്സങ്ങളാണ് ബാഴ്സക്ക് മുന്നിലുള്ളത്.ഒന്നാമതായി താരത്തെ കൈവിടണോ നിലനിർത്തണോ എന്നുള്ള കാര്യത്തിൽ ലീഡ്‌സ് യുണൈറ്റഡ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.നിലവിൽ റെലഗേഷൻ സോണിൽ കേവലം 2 പോയിന്റിന് മാത്രം മുകളിലാണ് ലീഡ്‌സ് യുണൈറ്റഡ്. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് തീരുമാനമായതിനു ശേഷമാണ് ലീഡ്സ് താരത്തിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.

മറ്റൊരു തടസ്സം സൂപ്പർ താരമായ ഡെമ്പലെയാണ്. അദ്ദേഹം ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്നുള്ളതും ഇതുവരെ തീരുമാനമായിട്ടില്ല.ഡെമ്പലെ തുടരുകയാണെങ്കിൽ റഫീഞ്ഞയെ എത്തിക്കേണ്ട ആവശ്യം ബാഴ്സക്കില്ല. അതുകൊണ്ടുതന്നെ ഡെമ്പലെയുടെ തീരുമാനവും അറിയാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബാഴ്സ.

നിലവിൽ 40 മുതൽ 50 മില്യൺ യുറോ വരെയാണ് റഫീഞ്ഞയുടെ മൂല്യം. എന്നാൽ ലീഡ്സ് ലീഗിൽ നിന്നും തരംതാഴ്ത്തപ്പെടുകയാണെങ്കിൽ അത് 25 മില്യൺ വരെ കുറയാൻ സാധ്യതയുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാകും. എന്നാൽ ലിവർപൂൾ,വെസ്റ്റ് ഹാം എന്നിവരൊക്കെ ഈ ബ്രസീലിയൻ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *