ഒരു വലിയ പിഴവാണ് ഞങ്ങൾ വരുത്തിവെച്ചത് : സ്വന്തം ടീമിനെ വിമർശിച്ച് ആർട്ടെറ്റ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.2-2 എന്ന സ്കോറിനാണ് വെസ്റ്റ് ഹാം യുണൈറ്റഡ് ആഴ്സണലിനെ സമനിലയിൽ തളച്ചത്. രണ്ട് ഗോളുകളുടെ ലീഡ് തുടക്കത്തിൽ ഉണ്ടായിട്ടും ആഴ്സണൽ അത് തുലച്ചുകളയുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ആഴ്സണലിന് ഇങ്ങനെ സംഭവിക്കുന്നത്.

ഇതോടുകൂടി ആഴ്സണലിന്റെ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി ഏറ്റിട്ടുണ്ട്.ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ മാത്രമാണ് അവർക്ക് കിരീടം ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. ഏതായാലും ഈ മത്സരത്തിനുശേഷം പരിശീലകനായ മികേൽ ആർട്ടെറ്റ സ്വന്തം ടീമിനെതിരെ വലിയ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതായത് രണ്ട് ഗോളുകൾ നേടിയതിനു അലസത കാണിച്ചുവെന്നും വലിയ ഒരു പിഴവാണ് എന്നുമാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നല്ല രൂപത്തിലാണ് ഞങ്ങൾ മത്സരം ആരംഭിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിക്കൊണ്ട് 2 മനോഹരമായ ഗോളുകൾ നേടി. പക്ഷേ അതിനുശേഷം ഞങ്ങൾ വലിയ ഒരു മിസ്റ്റേക്ക് ആണ് വരുത്തിവെച്ചത്. മൂന്നാമത്തെയും നാലാമത്തെയും ഗോളുകൾക്ക് വേണ്ടി ഞങ്ങൾ പരിശ്രമിച്ചില്ല. മത്സരം വളരെ എളുപ്പമാകും എന്ന് കരുതി അലസമായി കളിച്ചു.ആ സമയത്ത് ഞങ്ങൾ അവർക്ക് പ്രതീക്ഷ നൽകുകയായിരുന്നു.പിന്നീട് ലഭിച്ച പെനാൽറ്റി പാഴാക്കി.തൊട്ടു പിറകെ അവർ സമനില നേടുകയും ചെയ്തു.ഇതൊക്കെ ഫുട്ബോളിന്റെ ഭാഗമാണ്. പക്ഷേ ഞാൻ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് രണ്ട് ഗോളുകളുടെ ലീഡ് ഉണ്ടായതിനുശേഷം വരുത്തിവെച്ച വലിയ മിസ്റ്റേകിനെ കുറിച്ചാണ് “ഇതാണ് ആർട്ടറ്റ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിന്റെ തുടക്കത്തിലും രണ്ട് ഗോളുകളുടെ ലീഡ് ആഴ്സണൽ എടുത്തിരുന്നു. എന്നാൽ ആ മത്സരത്തിലും അവസാനത്തിൽ സമനില വഴങ്ങേണ്ടി വരികയായിരുന്നു. അടുത്ത മത്സരത്തിൽ സതാംപ്റ്റണാണ് ആഴ്സണലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *