ഒരു പതിറ്റാണ്ടിന് ശേഷം ഇതാദ്യം, ക്രിസ്റ്റ്യാനോ കുറിച്ച റെക്കോർഡുകൾ ഇതാ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ ടോട്ടൻഹാമിനെ തകർത്തു വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ടീമിന്റെ വിജയശില്പിയായത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. ഇതോടെ ചില നേട്ടങ്ങൾ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ക്രിസ്റ്റ്യാനോയുടെ അസിസ്റ്റിൽ നിന്നും എഡിൻസൺ കവാനിയായിരുന്നു യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. ഇരു താരങ്ങൾക്കും പ്രായം 34-ന് മുകളിലാണ്.അതായത്, 10 വർഷത്തിന് ശേഷം ഇതാദ്യമായാണ് മുപ്പത്തിനാലോ അതിന് മുകളിലോ പ്രായമുള്ള താരങ്ങൾ ചേർന്നു കൊണ്ട് പ്രീമിയർ ലീഗിൽ ഒരു ഗോൾ നേടുന്നത്. ഇതിന് മുമ്പ് 2010 ഓഗസ്റ്റിൽ ന്യൂകാസിലിനെതിരെയായിരുന്നു ഇത്തരത്തിലുള്ള ഒരു ഗോൾ പിറന്നിരുന്നത്.അന്ന് റയാൻ ഗിഗ്സിന്റെ അസിസ്റ്റിൽ നിന്നും പോൾ സ്ക്കോൾസായിരുന്നു ഗോൾ നേടിയിരുന്നത്.

ഇനി മറ്റൊരു കണക്ക് നോക്കാം.2014 ഡിസംബറിന് ശേഷം ഇതാദ്യമായാണ് ഒരു പ്രായം കൂടിയ താരം ഒരു മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്നത്. ക്രിസ്റ്റ്യാനോക്ക്‌ ഇന്നലെ പ്രായം 36 വർഷവും 267 ദിവസവുമാണ്. ചെൽസിയുടെ ഇതിഹാസമായിരുന്ന ദ്രോഗ്ബയായിരുന്നു 2014-ൽ ഇതേ നേട്ടം കരസ്ഥമാക്കിയത്. അന്ന് ദ്രോഗ്ബയുടെ പ്രായവും 36 വർഷവും 267 ദിവസവുമായിരുന്നു.

ഇനി ടോട്ടൻഹാം ക്രിസ്റ്റ്യാനോയുടെ പ്രിയപ്പെട്ട എതിരാളികളാണ് എന്നുള്ളതിന്റെ കണക്കുകളാണ്.പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോ ഗോളും അസിസ്റ്റും കണ്ടെത്തുന്നത് ഇത്‌ 12-ആം തവണയാണ്.അതിൽ മൂന്ന് തവണയും ടോട്ടൻഹാമിനെതിരെ ഇതേ മൈതാനത്ത് ആയിരുന്നു.കൂടാതെ സ്പർസിനെതിരെ 11 ഗോളുകൾ തന്റെ കരിയറിൽ റൊണാൾഡോ നേടിക്കഴിഞ്ഞു. റൊണാൾഡോ ഏറ്റവും കൂടുതൽ ഗോളുകൾ കരസ്ഥമാക്കിയ ഇംഗ്ലീഷ് ക്ലബാണ് ടോട്ടൻഹാം.

ഇങ്ങനെ ഒരുപിടി കണക്കുകൾ റൊണാൾഡോ സ്വന്തം പേരിലേക്ക് എഴുതി ചേർന്നിട്ടുണ്ട്. ഓരോ മത്സരം കൂടുംതോറും പുതിയ കണക്കുകൾ റെക്കോർഡ് പുസ്തകത്തിൽ ചേർക്കുന്ന തിരക്കിലാണ് റൊണാൾഡോ.

Leave a Reply

Your email address will not be published. Required fields are marked *