ഒരു ഗോളടിച്ചാൽ മെസ്സിയെപ്പോലെ 3 ഗോളടിക്കാൻ പറയും: പെപ്പിനെക്കുറിച്ച് ഹാലൻ്റ്
പതിവുപോലെ ഈ സീസണിലും ഗംഭീര പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അവരുടെ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റ് പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ 2 ഹാട്രിക്കുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. 4 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണയും സ്വന്തമാക്കിയ ഗോൾഡൻ ബൂട്ട് ഇത്തവണയും നിലനിർത്താനാണ് ഹാലന്റ് കടന്നുവരുന്നത്.
മെസ്സിയെ നാല് വർഷക്കാലം പരിശീലിപ്പിച്ചിട്ടുള്ള പരിശീലകനാണ് പെപ്. അന്ന് ബാഴ്സലോണയിൽ പെപ് ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് മെസ്സിയെയായിരുന്നു. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ ആശ്രയിക്കുന്നത് ഹാലന്റിനെയാണ്. മെസ്സിയെക്കുറിച്ചും പെപ്പിനെ കുറിച്ചും ചില കാര്യങ്ങൾ ഹാലന്റ് ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ലയണൽ മെസ്സിയെ ഉപയോഗിച്ചുകൊണ്ടാണ് പെപ് എന്നെ എപ്പോഴും മോട്ടിവേറ്റ് ചെയ്യാറുള്ളത്. ഞാൻ ഒരു ഗോൾ നേടിയാൽ അദ്ദേഹം എന്നോട് പറയും, മെസ്സി മൂന്ന് ഗോളുകൾ നേടാറുണ്ട് എന്ന്.ഞാൻ ഒരു മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയാൽ അദ്ദേഹം എന്നോട് പറയും, മെസ്സി ഭൂരിഭാഗം മത്സരങ്ങളിലും ഈ പുരസ്കാരം നേടിയതുപോലെ നേടണമെന്ന്.മെസ്സിയെപ്പോലെ എല്ലാം നേടിയ ഒരു താരമായി ഞാൻ മാറാൻ വേണ്ടിയാണ് അദ്ദേഹം എന്നോട് ഇതൊക്കെ പറയുന്നത്.മെസ്സിയെ പോലെ ആവാനല്ല അദ്ദേഹം ഇതു പറയുന്നത്. മെസ്സിയെ പോലെ ആവാൻ പറഞ്ഞാൽ നീ നിന്റെ കരിയർ നശിപ്പിക്കും. മെസ്സിയെ പോലെ ആവാൻ നോക്കിയവരെല്ലാം കരിയർ നശിപ്പിച്ചിട്ടേ ഉള്ളൂ. മെസ്സി നേടിയ പോലെ ഗോളുകൾ നേടുക എന്നുള്ളത് മാത്രമാണ് എന്നിൽ നിന്നും വേണ്ടതെന്ന് എന്നാണ് പെപ് എന്നോട് പറഞ്ഞിട്ടുള്ളത്.ട്രെയിനിങ്ങിൽ ഏറ്റവും ഉയർന്ന ലെവലിൽ എത്തണം,പെപ്പിന് എല്ലാം മെസ്സിയാണ്.മെസ്സിയെ അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി.പെപ് ഒരിക്കലും മിസ്റ്റേക്കുകൾ ചെയ്യാറില്ല ” ഇതാണ് ഹാലന്റ് പറഞ്ഞിട്ടുള്ളത്.
ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുന്നുണ്ട്. പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മെസ്സി കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റമാണ് നേടിയിട്ടുള്ളത്. അമേരിക്കൻ ലീഗിൽ 13 മത്സരങ്ങൾ കളിച്ച മെസ്സി 24 ഗോൾ പങ്കാളിത്തങ്ങളാണ് ഈ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്.