ഒരു കൊച്ചുകുട്ടിയെ പോലെയാണ് അദ്ദേഹം എനിക്ക് കോഫി കൊണ്ടുവന്ന് തരിക,കാരണം അദ്ദേഹത്തിന് എന്നെ പേടിയാണ് :ബെർണാഡോ സിൽവയെ കുറിച്ച് തമാശ പറഞ്ഞ് മഹ്റസ്!

2017-ലായിരുന്നു ബെർണാഡോ സിൽവ ഫ്രഞ്ച് ക്ലബ്ബായ മൊണാക്കൊ വിട്ടു കൊണ്ട് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. തുടർന്ന് സിറ്റിക്ക് നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ പങ്കാളിത്തം വഹിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.2018-ലായിരുന്നു റിയാദ് മഹ്റസ് ലെസ്റ്റർ വിട്ട് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളിൽ മഹ്റസും പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

ഏതായാലും ഇരുവരും തങ്ങളുടെ സൗഹൃദത്തെ കുറിച്ച് തമാശ രൂപേണ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.ബെർണാഡോ സിൽവ ഒരു കൊച്ചു കുട്ടിയെ പോലെ തനിക്ക് കോഫി കൊണ്ടുവന്ന് തരുമെന്നും അദ്ദേഹത്തിന് എന്നെ പേടിയാണ് എന്നുമാണ് തമാശരൂപേണ മഹ്റസ് പറഞ്ഞിട്ടുള്ളത്. ഇരുവരും പങ്കെടുത്ത സെഗ്മെന്റിന്റെ പൂർണ്ണരൂപം ഗോൾ ഡോട്ട് കോം നൽകുന്നത് ഇങ്ങനെയാണ്.

” എനിക്ക് ഒരു അന്ധവിശ്വാസമുണ്ട്. മത്സരത്തിന്റെ ഒരു മണിക്കൂർ മുന്നേ ഒരു കോഫി കുടിക്കണം. ഞാൻ എപ്പോഴും എനിക്കും റിയാദിനും മത്സരത്തിന് മുന്നേ ഓരോ കോഫി കൊണ്ടുവരാറുണ്ട് ” ഇതായിരുന്നു ബെർണാഡോ സിൽവ പറഞ്ഞിരുന്നത്.

ഇത് സ്ഥിരീകരിച്ചുകൊണ്ട് റിയാദ് മഹ്റസ് ഇതിനോട് ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു.അതിങ്ങനെയാണ്..

” ഞങ്ങൾ വാം അപ്പിന് പോകുന്നതിന്റെ 20 മിനിറ്റ് മുമ്പ് അദ്ദേഹം എനിക്കും ഒരു കോഫി കൊണ്ടുവരും. ഒരു ചെറിയ കുട്ടിയെ പോലെയാണ് അദ്ദേഹം കോഫി കൊണ്ടുവന്ന് തരിക. കാരണം അദ്ദേഹത്തിന് എന്നെ പേടിയാണ്. അല്ലെങ്കിൽ ഞാൻ അദ്ദേഹത്തെ ഐസ് ബാത്തിൽ എറിയുമെന്ന് പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട് ” ഇതാണ് തമാശരൂപേണ മഹ്റസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും സിൽവ സിറ്റി വിട്ടുകൊണ്ട് ബാഴ്സയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യുഹങ്ങൾ സജീവമായ ഒരു സമയമാണിത്. അതേസമയം ബേൺമൗത്തിനെതിരെയാണ് സിറ്റി അടുത്ത മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *