ഒരു കിടിലൻ വണ്ടർ കിഡിനെ കൂടി സ്വന്തമാക്കി യുണൈറ്റഡ്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രധാനപ്പെട്ട പല സൈനിങ്ങുകളും നടത്തിയിട്ടുണ്ട്. സ്ട്രൈക്കർ പൊസിഷനിലേക്ക് അവർ സിർക്സിയെ കൊണ്ടുവന്നിരുന്നു. പ്രതിരോധനിരയിലേക്കാണ് അവർ കൂടുതൽ മികച്ച താരങ്ങളെ എത്തിച്ചിട്ടുള്ളത്.ലെനി യോറോ,ഡി ലൈറ്റ്,മസ്റോയി എന്നിവരെ അവർ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ പിഎസ്ജിയുടെ ഉറുഗ്വൻ സൂപ്പർ താരമായ മാനുവൽ ഉഗാർത്തെയെ കൂടി എത്തിക്കാനുള്ള ശ്രമങ്ങളിലാണ് യുണൈറ്റഡ് ഉള്ളത്.
ഇതിനിടെ ഒരു വണ്ടർ കിഡിനെ കൂടി യുണൈറ്റഡ് സ്വന്തമാക്കി കഴിഞ്ഞു. 18 വയസ്സ് മാത്രമുള്ള മാലി ഇന്റർനാഷണൽ സീകൂ കൊനെയെയാണ് അവർ സ്വന്തമാക്കുക. മാലി ക്ലബ്ബായ ഗിഡാഴ്സിന് വേണ്ടിയായിരുന്നു അദ്ദേഹം ഇതുവരെ കളിച്ചിരുന്നത്.ഏറ്റവും മികച്ച ആഫ്രിക്കൻ താരങ്ങളിൽ ഒരാളായി കൊണ്ട് വിലയിരുത്തപ്പെടുന്ന താരമാണ് കൊനെ.
ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് താരം കളിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൂടാതെ ലിവർപൂൾ,വോൾവ്സ് എന്നിവരൊക്കെ താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.പക്ഷേ യുണൈറ്റഡ് ഇവരെയെല്ലാം മറികടക്കുകയായിരുന്നു.കഴിഞ്ഞ വർഷം നടന്ന അണ്ടർ 17 വേൾഡ് കപ്പിൽ പങ്കെടുത്ത ഈ താരം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിരുന്നു.മാലി വേൾഡ് കപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തിരുന്നത്.
എന്നാൽ ഈ താരത്തെ നേരിട്ട് യുണൈറ്റഡ് സീനിയർ ടീമിലേക്ക് കൊണ്ടുവരാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. മറിച്ച് അവരുടെ അണ്ടർ ടീമിനോടൊപ്പമായിരിക്കും കോനെ കളിക്കുക. ഭാവിയിലെ യായാ ടുറെ എന്ന വിശേഷണം ലഭിച്ചിട്ടുള്ള താരം കൂടിയാണ് കോനെ. ഏതായാലും യൂറോപ്പ്യൻ സാഹചര്യങ്ങളോട് താരത്തിന് എത്രത്തോളം പൊരുത്തപ്പെടാൻ സാധിക്കും എന്നുള്ളതാണ് ഇനി കണ്ടറിയേണ്ട കാര്യം.