ഒരുപാട് വ്യക്തിഗത പിഴവുകൾ,ഇത് അംഗീകരിക്കാനാവാത്തത്: വിമർശനവുമായി ടെൻ ഹാഗ്

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി യുണൈറ്റഡിനെ തോൽപ്പിച്ചത്.ഒരു ഘട്ടത്തിൽ യുണൈറ്റഡ് മത്സരത്തിൽ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ ഏറ്റവും അവസാനത്തിൽ ചെൽസി രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിജയം പിടിച്ചു വാങ്ങുകയായിരുന്നു. ചെൽസിക്ക് വേണ്ടി കോൾ പാൽമർ ഹാട്രിക്ക് നേടിയപ്പോൾ യുണൈറ്റഡിന് വേണ്ടി ഗർനാച്ചോ ഇരട്ട ഗോളുകൾ സ്വന്തമാക്കുകയായിരുന്നു.

ഈ മത്സരത്തിൽ യുണൈറ്റഡ് ഡിഫൻസും ഗോൾകീപ്പറും ചില പിഴവുകൾ വരുത്തി വെച്ചിരുന്നു. അത്തരത്തിലുള്ള വ്യക്തിഗത പിഴവുകൾക്കെതിരെ വിമർശനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ രംഗത്ത് വന്നിട്ടുണ്ട്. ഇതൊന്നും ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

“മത്സരത്തിൽ ഞങ്ങൾ തന്നെയാണ് ആധിപത്യം പുലർത്തിയത്. പക്ഷേ വ്യക്തിഗത പിഴവുകൾക്ക് ഞങ്ങൾ വില നൽകേണ്ടി വന്നു.ഞങ്ങൾ അതിൽ നിന്നെല്ലാം പഠിക്കണം. നിങ്ങൾ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണെങ്കിൽ ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അറിഞ്ഞിരിക്കണം.അഞ്ച് ദിവസത്തിനിടെ അഞ്ച് പോയിന്റ്കൾ ഞങ്ങൾക്ക് ഡ്രോപ്പ് ചെയ്തു.ഇത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ പോരാടണമെങ്കിൽ ഞങ്ങൾ ഹൈ ലെവലിലേക്ക് മാറണം.നിലവിൽ ഞങ്ങൾ നല്ല ഒരു പൊസിഷനിൽ അല്ല ഉള്ളത്. മാറ്റം അനിവാര്യമാണ് ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഉള്ളത്. നാലാം സ്ഥാനക്കാരായ ആസ്റ്റൻ വില്ല യുണൈറ്റഡിനേക്കാൾ 11 പോയിന്റ് മുന്നിലാണ്. അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണമെങ്കിൽ യുണൈറ്റഡ് വല്ലാതെ കഷ്ടപ്പെടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *