ഒരുപാട് മാറി: മഗ്വയ്റോട് മാപ്പ് പറഞ്ഞ് ഘാന എംപി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഡിഫൻഡറായ ഹാരി മഗ്വയ്ർ പലപ്പോഴും അബദ്ധങ്ങൾ വരുത്തിവെക്കാറുണ്ട്.അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഈ താരത്തിന് ഏൽക്കേണ്ടി വരാറുണ്ട്. ഏറ്റവും ദൗർഭാഗ്യകരമായ കാര്യം എന്തെന്നാൽ മികച്ച പ്രകടനം നടത്തുമ്പോൾ അർഹമായ പരിഗണനയോ പ്രശംസയോ മഗ്വയ്ർക്ക് ലഭിക്കാറില്ല. മറിച്ച് വിമർശനങ്ങളും അധിക്ഷേപങ്ങളും മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായിരുന്നു.ഘാനയിലെ ഒരു എംപി മഗ്വയ്റെ പരിഹസിക്കുന്നതായിരുന്നു ആ വീഡിയോ. എതിർതാരങ്ങൾക്ക് അസിസ്റ്റ് നൽകുന്നു എന്നായിരുന്നു അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞിരുന്നത്. കഴിഞ്ഞവർഷം ഡിസംബർ മാസത്തിലായിരുന്നു ഘാനയിലെ പാർലമെന്റ് അംഗമായ ഇസാക്ക് അഡോങ്കോ പാർലമെന്റിൽ വച്ചുകൊണ്ട് മഗ്വയ്റെ പരിഹസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.അഡോങ്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“കഴിഞ്ഞ വർഷം ഞാൻ ഇവിടെ ഹാരി മഗ്വയ്റെ കുറിച്ച് നടത്തിയ പരാമർശങ്ങൾ നിങ്ങൾക്ക് ഓർമ്മയുണ്ടാകും എന്ന് കരുതുന്നു. അക്കാര്യത്തിൽ ഞാൻ ഹാരി മഗ്വയ്റോട് മാപ്പ് പറയാൻ ആഗ്രഹിക്കുന്നു മിസ്റ്റർ സ്പീക്കർ.ഇന്ന് മഗ്വയ്ർ കാര്യങ്ങളെല്ലാം മാറ്റിമറിച്ചിട്ടുണ്ട്. ഒരു ട്രാൻസ്ഫോർമേഷണൽ ഫുട്ബോളറാണ് അദ്ദേഹം. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അദ്ദേഹം ഗോളുകൾ പോലും നേടുന്നുണ്ട്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായി മാറാൻ ഹാരി മഗ്വയ്ർക്ക് സാധിച്ചിട്ടുണ്ട് ” ഇതാണ് ഘാന എംപി പാർലമെന്റിൽ പറഞ്ഞിരുന്നത്.

മോശമല്ലാത്ത രൂപത്തിൽ ഈ സീസണിൽ മഗ്വയ്ർ ഇപ്പോൾ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരാനെക്ക് മേൽ ടെൻ ഹാഗ് മഗ്വയ്റിനെയാണ് പരിഗണിക്കുന്നത്.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. സമീപകാലത്ത് നിരവധി തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *