ഒനാനയെ മാറ്റണം, പുതിയ ഗോൾകീപ്പറെ കൊണ്ടുവരണം : യുണൈറ്റഡിനോട് സട്ടൻ.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് കാമറൂൺ ഗോൾകീപ്പറായ ആൻഡ്രേ ഒനാനയെ സ്വന്തമാക്കിയത്. 48 മില്യൺ പൗണ്ടാണ് താരത്തിനു വേണ്ടി യുണൈറ്റഡ് ചിലവഴിച്ചത്. മാത്രമല്ല ഡേവിഡ് ഡിഹിയയെ അവർ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒനാനക്ക് വളരെ മോശം തുടക്കമാണ് യുണൈറ്റഡിൽ ലഭിച്ചിട്ടുള്ളത്.

ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗലാറ്റസറെക്കെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഇദ്ദേഹം വലിയ അബദ്ധങ്ങൾ വരുത്തിയിരുന്നു.അതിന്റെ ഫലമായിക്കൊണ്ട് യുണൈറ്റഡിന് ഗോൾ വഴങ്ങേണ്ടി വന്നിരുന്നു. ഏതായാലും മുൻ ചെൽസി താരവും ഫുട്ബോൾ നിരീക്ഷകനുമായ ക്രിസ് സട്ടൻ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം മുന്നോട്ടു വെച്ചിട്ടുണ്ട്. വരുന്ന സമ്മറിൽ ഒനാനയുടെ സ്ഥാനത്തേക്ക് പുതിയ ഗോൾ കീപ്പറെ യുണൈറ്റഡ് കൊണ്ടുവരണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.സട്ടന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരുപക്ഷേ ബോൾ പ്ലെയിങ് സ്കില്ലിൽ ഡിഹിയയേക്കാൾ ഒനാന മികച്ചതായിരിക്കും. എന്നാൽ ബോൾ വലയിൽ കയറാതിരിക്കുന്നതിനാണ് ഞാൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഒരുപാട് അബദ്ധങ്ങൾ അദ്ദേഹത്തിൽ നിന്നും ഇത്തവണ ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല.ചാമ്പ്യൻസ് ലീഗിലെ രണ്ടു മത്സരങ്ങളിലും അദ്ദേഹം പിഴവ് വരുത്തി. എനിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നുമില്ല. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാറ്റങ്ങളിലേക്ക് കടക്കേണ്ടതുണ്ട്.ഉടൻതന്നെ വേണമെന്നു ഞാൻ പറയുന്നില്ല.അടുത്ത സമ്മറിൽ ഒരു പുതിയ ഗോൾകീപ്പർ യുണൈറ്റഡ് കൊണ്ടുവരണം ” ഇതാണ് സട്ടൻ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.ചാമ്പ്യൻസ് ലീഗിൽ ഒരു പോയിന്റ് പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് അവർ ഉള്ളത്. ഇതിനോടകം തന്നെ നാല് തോൽവികൾ ലീഗിൽ അവർ ഏറ്റുവാങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *