ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങി യുണൈറ്റഡ്, പ്രതികരിച്ച് ടെൻഹാഗ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ബ്രൈറ്റണെ പരാജയപ്പെടുത്തിയത്.പക്ഷേ നാണക്കേടിന്റെ കണക്കുകൾ മാത്രമാണ് യുണൈറ്റഡിന് അവകാശപ്പെടാനുള്ളത്. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ് ഫിനിഷ് ചെയ്തത്. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫിനിഷിംഗാണ് ഇപ്പോൾ യുണൈറ്റഡ് നടത്തിയിട്ടുള്ളത്.

ഇക്കാര്യത്തിൽ യുണൈറ്റഡ് പരിശീലകനായ ടെൻഹാഗ് തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. നിരാശപ്പെടുത്തുന്ന റിസൾട്ടാണ് ഇതെന്നാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്. 60 പോയിന്റുകൾ നേടിയിട്ടും എട്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത് എന്നുള്ള കാര്യത്തിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.ടെൻഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ റാങ്കിങ്ങിൽ കുറച്ചുകൂടി മുകളിൽ ഫിനിഷ് ചെയ്യണമായിരുന്നു.ഇതൊരിക്കലും മതിയായ റാങ്കിംഗ് അല്ല. ഞങ്ങൾ 60 പോയിന്റ് നേടി.രണ്ട് കൊല്ലം മുൻപ് 58 പോയിന്റ് ആയിരുന്നു.അന്ന് ആറാം സ്ഥാനം ലഭിച്ചിരുന്നു. പക്ഷേ ഇപ്പോൾ 60 പോയിന്റ് നേടിയിട്ടും എട്ടാം സ്ഥാനത്താണ്.അതിനർത്ഥം ഈ പ്രകടനമൊന്നും പോരാ എന്നുള്ളതാണ്. തീർച്ചയായും ഈ റിസൾട്ടിൽ ഞങ്ങൾ നിരാശരാണ്.ഞങ്ങൾക്ക് കൂടുതൽ മികച്ച രൂപത്തിൽ കാര്യങ്ങളെ കൈകാര്യം ചെയ്യാമായിരുന്നു.ഇനി ഞങ്ങൾക്ക് ഒരു ഫൈനൽ മത്സരം അവശേഷിക്കുന്നുണ്ട്.ആ കിരീടത്തിന് വേണ്ടി ഞങ്ങൾ പരമാവധി പോരാടും” ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ഇനി FA കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെയാണ് യുണൈറ്റഡ് നേരിടുക.സിറ്റിയെ മറികടന്നുകൊണ്ട് കിരീടം നേടുക എന്നത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വരുന്ന ശനിയാഴ്ച വെമ്പ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ കലാശപോരാട്ടം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *