എവിടെയാണ് ഹാലണ്ട് ഇമ്പ്രൂവ് ആവേണ്ടത്? ഡി ബ്രൂയിന പറയുന്നു!
ഇന്നലെ പ്രീമിയർ ലീഗ് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിലും വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു സിറ്റി ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്.ഒരു ഗോളും ഒരു അസിസ്റ്റും നേടിക്കൊണ്ട് ഡി ബ്രൂയിന വിജയത്തിൽ മുഖ്യപങ്ക് വഹിച്ചു.
അതേസമയം സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ഹാലണ്ടിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ താരം ഒരു അസിസ്റ്റ് സ്വന്തമാക്കിയിരുന്നു. പക്ഷേ തന്നെ പിൻവലിച്ച സമയത്ത് ഗോൾ നേടാൻ കഴിയാത്തതിലുള്ള നിരാശ ഹാലണ്ട് പ്രകടിപ്പിച്ചിരുന്നു.
ഏതായാലും ഹാലണ്ടിനെ കുറിച്ച് സഹതാരമായ ഡി ബ്രൂയിന ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ഹാലണ്ട് മികച്ച പ്രകടനമാണ് നടത്തിയതെന്നും എന്നാൽ പ്രീമിയർ ലീഗുമായി ഇനിയും അഡാപ്റ്റാവേണ്ടതുണ്ട് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഡി ബ്രൂയിനയുടെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Kevin de Bruyne tells Erling Haaland what he must improve after home Man City debut #mcfchttps://t.co/TuWpNti8DF
— Manchester City News (@ManCityMEN) August 13, 2022
” മികച്ച പ്രകടനമാണ് ഹാലണ്ട് പുറത്തെടുത്തിട്ടുള്ളത്.തീർച്ചയായും പ്രതിരോധം ശക്തമായിരുന്നു. ജർമ്മനിയിൽ എത്ര ശക്തമായ പ്രതിരോധത്തിനെതിരെ ഒരുപാട് മത്സരങ്ങൾ ഹാലണ്ടിന് കളിക്കേണ്ടി വന്നിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ താരം മെച്ചപ്പെടേണ്ടതുണ്ട്. പ്രീമിയർ ലീഗുമായി കൂടുതൽ ഹാലണ്ട് അഡാപ്റ്റാവണം. എന്നിരുന്നാലും അദ്ദേഹം നല്ല പ്രകടനമാണ് പുറത്തെടുത്തത്.ഗുണ്ടോഗന് അദ്ദേഹം അവസരം ഒരുക്കി നൽകി.ഹാലണ്ട് ആഗ്രഹിച്ച ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും മികച്ച രൂപത്തിൽ കളിക്കാൻ കഴിഞ്ഞിട്ടുണ്ട് ” ഇതാണ് ഡി ബ്രൂയിന പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് സിറ്റിയാണ്.ഇനി ന്യൂകാസിൽ യുണൈറ്റഡാണ് സിറ്റിയുടെ അടുത്ത എതിരാളികൾ.