‘എലാങ്ക റോഡ് ‘,വിക്കിപീഡിയയിൽ പേര് മാറ്റി ലീഡ്‌സിനെ പരിഹസിച്ച് യുണൈറ്റഡ് ആരാധകർ!
കഴിഞ്ഞ ദിവസം പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ ലീഡ്‌സിനെതിരെ വമ്പൻ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്‌സിനെ തകർത്തു വിട്ടത്.ഹാരി മഗ്വയ്ർ,ബ്രൂണോ,ഫ്രഡ്,എലാങ്ക എന്നിവരായിരുന്നു യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.ലീഡ്‌സിന്റെ മൈതാനമായ എല്ലണ്ട് റോഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറിയിരുന്നത്.
ഏതായാലും തങ്ങളുടെ പരമ്പരാഗത വൈരികൾക്കെതിരെയുള്ള വമ്പൻ വിജയം യുണൈറ്റഡ് ആരാധകർ ആഘോഷമാക്കിയിരുന്നു. മാത്രമല്ല ലീഡ്‌സ് യുണൈറ്റഡിനെ അവർ പരിഹസിക്കുകയും ചെയ്തിരുന്നു.അതായത് ലീഡ്സിന്റെ മൈതാനമായ എല്ലണ്ട് റോഡിന്റെ വിക്കിപീഡിയ പേജിലാണ് യുണൈറ്റഡ് ആരാധകർ മാറ്റങ്ങൾ വരുത്തിയത്.എല്ലണ്ട് റോഡ് എന്നുള്ളത് എലാങ്ക റോഡ് എന്നാക്കുകയായിരുന്നു.ലീഡ്സിനെതിരെ നാലാം ഗോൾ നേടിയത് യുവതാരമായ എലാങ്കയായിരുന്നു.
— Murshid Ramankulam (@Mohamme71783726) February 22, 2022
മാത്രമല്ല സ്റ്റേഡിയത്തിലെ സ്റ്റാൻഡുകളുടെ പേരുകളും ഇവർ മാറ്റിയിട്ടുണ്ട്.ഗോൾസ്കോറർമാരായ മഗ്വയ്ർ, ബ്രൂണോ, ഫ്രെഡ്,എലാങ്ക എന്നിവരുടെ പേരുകളാണ് നൽകിയിട്ടുള്ളത്. ഈ തിരുത്തൽ ശ്രദ്ധയിൽപ്പെട്ട അധികൃതർ അതിന് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.എന്നാൽ അപ്പോഴേക്കും മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കിയിരുന്നു. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ സീസണിൽ ഇത് രണ്ടാംതവണയാണ് ലീഡ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെടുന്നത്. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ലീഡ്‌സ് തകർന്നടിഞ്ഞിരുന്നത്.ദീർഘകാലമായി യുണൈറ്റഡിനെ കീഴടക്കാൻ കഴിയാത്ത ടീമാണ് ലീഡ്സ്.